1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2019

സ്വന്തം ലേഖകൻ: ബാഗ്‍ദാദും നിരവധി ഇറാഖി നഗരങ്ങളും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ ഭരണവർഗത്തെ മടുത്ത അവിടത്തെ ജനങ്ങൾ ഇപ്പോൾ പുതിയ സർക്കാരിനായി മുറവിളികൂട്ടുകയാണ്. ഈ പ്രതിഷേധങ്ങളിൽ പുരുഷന്മാർ മാത്രമല്ല, മറിച്ച് അനവധി സ്ത്രീകളും പങ്കെടുക്കുന്നു എന്നത് ഈ പോരാട്ടത്തെ വ്യത്യസ്‍തമാക്കുന്നു.

സബ അൽ മഹ്ദാവി എന്ന യുവതി, അവളന്നും ബാഗ്‍ദാദിലെ പ്രതിഷേധക്കാരെ സഹായിക്കാനായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. പെട്ടെന്നാണ് സേന അവര്‍ക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചത്. ശ്വാസംമുട്ടിയ അവളെ സുഹൃത്തിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവന്നു. വിശ്രമമില്ലാത്ത ജോലിക്കൊടുവിൽ അവൾ ആകെ തളർന്നിരുന്നു. പക്ഷേ, അന്ന് വീട്ടിലേക്ക് പുറപ്പെട്ട അവൾ വീട്ടിലെത്തിയില്ല.

കുറെ അജ്ഞാതർ ചേർന്ന് അവളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധത്തില്‍ ചേര്‍ന്നതിനുള്ള പ്രതികാരം. കാണാതായശേഷം അവളെ കണ്ടെത്താനായുള്ള പോരാട്ടം സോഷ്യല്‍മീഡിയയിലൂടെ നടന്നു. അവളുടെ മുഖം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു ‘സബ എവിടെ?’ എന്ന ഹാഷ്‌ടാഗ് വൈറലാകുകയും ചെയ്‍തു.

സ്ത്രീകൾ സർക്കാരിനെതിരെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നു എന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. തലസ്ഥാനമായ ബാഗ്‍ദാദിലുടനീളം വ്യാപിച്ച ചുവർച്ചിത്രങ്ങളിൽ അവരുടെ പ്രതിഷേധം കാണാം. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഒരു വേദിയിൽ വന്ന് പ്രതിഷേധിക്കുന്നു എന്നത് ഇറാഖിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സാമൂഹ്യമുന്നേറ്റം തന്നെയാണ്.

പ്രതിഷേധിക്കുന്ന സ്ത്രീകളിൽ പലരും വിദ്യാർത്ഥിനികളാണ്. പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകാനും പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനും അവർ സ്വയം മുന്നോട്ടുവരുന്നു. ചിലപ്പോൾ പുലർച്ചെ മുതൽ സന്ധ്യവരെ ഭക്ഷണംപോലും ഇല്ലാതെ പരിക്കേറ്റവരെ ഇവർ പരിചരിക്കുന്നു. എന്നാൽ, ഇത്തരം പ്രതിഷേധങ്ങളെ സർക്കാർ വളരെ ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു. തട്ടിക്കൊണ്ടുപോകൽ, പീഡനം, മരണം എന്നീ മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു.

സബക്കും സംഭവിച്ചതും അത് തന്നെയാണ്. കുറച്ചു ദിവസത്തിനുശേഷം മോചിതയായ സബ ധീരരായ സ്ത്രീകളുടെ പ്രതീകമായി മാറി. ഒരുപാടു സ്ത്രീകൾക്ക് ഒരു പ്രചോദനമായിമാറി അവളുടെ അടിപതറാത്ത ഉൾക്കരുത്ത്. ഇറാഖിലെ തെരുവുകളിൽ വർദ്ധിച്ചുവരുന്ന വനിതാ പ്രക്ഷോഭകരുടെ സാന്നിധ്യത്തിന് ഇത് വഴിയൊരുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.