
സ്വന്തം ലേഖകൻ: 25 വര്‍ഷത്തേക്കുള്ള തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ഇറാനും ചൈനയും. ഇറാനിലെ അടിസ്ഥാന സൗകര്യ വികസനനത്തിലും ഊര്‍ജമേഖലകളിലും വലിയ ചൈനീസ് നിക്ഷേപമെത്താന്‍ ഈ കരാര്‍ വഴിയൊരുക്കും.
നിലവിലെ സാഹചര്യങ്ങള്‍ ഇറാനുമായുള്ള ചൈനയുടെ ബന്ധത്തെ ബാധിക്കില്ലെന്നും മറിച്ച് നയതന്ത്ര ബന്ധം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് നിലപാടു മാറ്റുന്ന ചില രാജ്യങ്ങളെപ്പോലെയല്ല, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ഇറാന്‍ സ്വതന്ത്രമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. കരാറില്‍ ഒപ്പ് വെക്കുന്നതിന് മുന്‍പ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് ചൈനയും ഇറാനും തമ്മില്‍ ഈ കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ കാരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളിലെ രഹസ്യ സ്വഭാവം വലിയ വിവാദങ്ങളുണ്ടാക്കി. കഴിഞ്ഞ വര്‍ഷം കരാറിനെ എതിര്‍ത്തുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴും കരാറിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
അതേസമയം രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള സഹകരണ കരാര്‍ വിജയകരമായ നയതന്ത്രത്തിന്റെ ഉദാഹരണമാണെന്ന് റൂഹാനിയുടെ ഉപദേഷ്ടാവ് ഹിസാമുദ്ദീന്‍ അഷാന പ്രതികരിച്ചു. ഒറ്റ തിരിഞ്ഞു നില്‍ക്കാതെ സഖ്യങ്ങളില്‍ ചേരാനുള്ള കഴിവിലാണ് ഒരു രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ, സാമ്പത്തിക, ഗതാഗത സഹകരണത്തിനുള്ള ഒരു റോഡ് മാപ്പ് ആണ് ഈ രേഖയെന്നും ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് ഈ കരാറെന്നും ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഈദ് ഖതിബ്‌സാദത്ത് പറഞ്ഞു.
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. എന്നാല്‍ 2018ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ട്രംപ് ഇറാനിനെതിരെ ഉപരോധം പ്രഖ്യാപിച്ചു.
ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന ആണവകരാറില്‍ നിന്ന് 2018ല്‍ അമേരിക്ക പിന്‍മാറിയതിന് പിന്നാലെയായിരുന്നു ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.
ചൈന കൂടെ ഭാഗമായ 2015 ലെ ഇറാന്‍ ആണവ കരാര്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. ഇറാനുമായുള്ള ബന്ധത്തിലെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും ചൈന വ്യക്തമാക്കി.
ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ ഇറാനുമായുള്ള ആണവകരാര്‍ പുനസ്ഥാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇറാനും കരാറിലേര്‍പ്പെട്ട അമേരിക്കയടക്കമുള്ള രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ആദ്യം പിന്‍വലിക്കട്ടെ എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ആണവകരാര്‍ ലംഘനങ്ങളില്‍ നിന്ന് ഇറാന്‍ ആദ്യം പിന്മാറട്ടെയെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. ഇതിനിടയില്‍ ചൈന ഇറാനുമായി കരാറിലേര്‍പ്പെട്ടത് അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല