1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2022

സ്വന്തം ലേഖകൻ: പൊലീസ് കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 7–ാം ദിവസത്തിലേക്കു കടന്നു. പൊലീസ് വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. 2 സുരക്ഷാസൈനികർ അടക്കം പടിഞ്ഞാറൻ ഇറാനിൽ മാത്രം 17 പേർ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുണ്ട്. 14 നഗരങ്ങളിലേക്കു പ്രക്ഷോഭം വ്യാപിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ടെഹ്റാനിൽ കഴിഞ്ഞ 13 ന് പൊലീസ് അറസ്റ്റ് ചെയ്ത കുർദ് യുവതി മഹ്സ അമിനി (22) മരിച്ച സംഭവമാണു ദേശീയ പ്രക്ഷോഭമായി പടർന്നത്. സമീപവർഷങ്ങളിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ സർക്കാർവിരുദ്ധ പ്രക്ഷോഭമാണിത്.

സമൂഹമാധ്യമങ്ങൾ വഴി സർക്കാരിനെതിരായ രോഷം ശക്തമായതോടെ രാജ്യത്ത് ഇന്റർനെറ്റ് നിയന്ത്രണം നിലവിൽ വന്നു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നു സർക്കാർ മുന്നറിയിപ്പു നൽകി. സ്ത്രീകൾ ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നതിന്റെയും പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ ചിത്രം ജനക്കൂട്ടം കത്തിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണു പ്രക്ഷോഭം ഏറ്റവും രൂക്ഷം.

പൊലീസിന്റെ മർദനമേറ്റാണു യുവതി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ഹൃദ്രോഗം മൂലമാണു യുവതി കുഴഞ്ഞുവീണതെന്നാണു പൊലീസ് ഭാഷ്യം. യുഎന്നിനു പുറമേ യുഎസും യൂറോപ്യൻ യൂണിയനും ഇറാനെതിരെ രംഗത്തുവന്നിട്ടുണ്ട്.

അതിനിടെ മാധ്യമപ്രവർത്തക ഹിജാബ് ധരിക്കാത്തതിനാൽ അഭിമുഖം നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സിഎൻഎനിലെ മാധ്യമപ്രവർത്തകയായ ക്രിസ്റ്റ്യൻ അമൻപൂരിനാണ് ഇറാൻ പ്രസിഡന്റ് അഭിമുഖം നിഷേധിച്ചത്. ഹിജാബ് വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അഭിമുഖത്തിൽ നിന്നും പ്രസിഡന്റ് വിട്ടു നിന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.