1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിദഗ്ധരെ അയച്ചു. കോവി‍ഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇറാന്‍ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. 

ഇറാനില്‍ കുടുങ്ങിയ മലയാളി മല്‍സ്യത്തൊഴിലാളികള്‍ ദുരിതം തുറന്നു പറഞ്ഞതിന് സ്പോണ്‍സറുടെ ഭീഷണിയും നേരിടേണ്ടി വന്നു. ഭീഷണി വിലപ്പോവില്ലെന്നും ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി  ശ്രമിക്കുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ശശി തരൂര്‍ എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ കണ്ടു സഹായം തേടി. കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് നാല് മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയിലും കുടുങ്ങി.

മതിയായ ഭക്ഷണവും വെളളവും ലഭിക്കാതെ ഇറാനിലെ ഒറ്റമുറയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ രക്ഷിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇതിനിടെ  സ്പോണ്‍സറുടെ വക ഭീഷണിയും. വീസയുടെ ബാക്കിപണം നല്‍കാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് സ്പോണ്‍സര്‍ പറഞ്ഞതായാണ് തൊഴിലാളികള്‍ പറയുന്നത്. 

വടക്കന്‍ ഇറ്റലിയിലെ പാവിയയിലാണ് മലയാളികള്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സംഘം കുടുങ്ങിയത്.  ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്തിരുന്നെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് മടങ്ങാനായില്ല. നാട്ടിലെത്താന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍ ഇറ്റലിയിലെ ഇന്ത്യന്‍ ഹൈക്കമീഷനെ സമീപിച്ചു.  

ഇവര്‍ പഠിക്കുന്ന സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരന് കോവിഡ്  ബാധ സ്ഥിരീകരിച്ചു. പതിനഞ്ച് പേര്‍ നിരീക്ഷണത്തിലാണ്. ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇറ്റലി. 34 പേര്‍ മരിച്ചു, ആയിരത്തിലധികം പേര്‍ ചികില്‍സയിലാണ്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.