1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2024

സ്വന്തം ലേഖകൻ: രാജ്യാന്തര അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിന് ഇരയായ പാലക്കാട് സ്വദേശി ഒരു വർഷം മുൻപേ വീടുവിട്ടുപോയതായി വിവരം എന്നാൽ ഇതു സംബന്ധിച്ചു കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. 29 വയസ്സുള്ള യുവാവിനെക്കുറിച്ചു രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

വിദേശത്തേക്കു കടത്തിയതായി മൊഴി ലഭിച്ച മുപ്പതോളം പേരെ കണ്ടെത്തി അവരുടെ ഇപ്പോഴത്തെ അവസ്ഥ മെഡിക്കൽബോർഡ് രൂപീകരിച്ചു പരിശോധിക്കാൻ നീക്കം തുടങ്ങി. വൃക്കദാനത്തിനു വേണ്ടിയാണ് ഇവരിൽ പലരേയും വിദേശത്തേക്കു കടത്തിയത്. വൃക്കയ്ക്കു പുറമേ കരളിന്റെ ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കണം.

അവയവ ദാനത്തിനായി വിദേശത്തേക്കു കടത്തിയ അതിഥിത്തൊഴിലാളികൾ പലരും തിരിച്ചു വന്നിട്ടില്ല. ഇവർക്ക് എന്താണു സംഭവിച്ചതെന്നു പരിശോധിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ സബിത്ത് നൽകുന്ന മൊഴികൾ കേന്ദ്ര ഏജൻസികൾക്കു കൈമാറും.

ഇറാനിലെ ആശുപത്രികളിലാണ് അവയവമാറ്റം കൂടുതലായി നടന്നിട്ടുള്ളത്. ഒരു ദാതാവിനെ ഇറാനിലെത്തിക്കുമ്പോൾ റാക്കറ്റിന് 50 മുതൽ 60 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. കൂടുതൽ ഇരകൾ റാക്കറ്റിന്റെ കെണിയിൽ അകപ്പെട്ടതോടെ ലാഭം പങ്കിടുന്നതു സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ തർക്കമുണ്ടായിരുന്നു. പണം കുറച്ചു മാത്രം ലഭിച്ച ഏജന്റുമാർ വാഗ്‍ദാനം ചെയ്ത 10 ലക്ഷം രൂപ പോലും നൽകാതെ ഇരകളെ കബളിപ്പിക്കാൻ തുടങ്ങിയതോടെയാണു വഞ്ചിതരായവർ അന്വേഷണ ഏജൻസികൾക്കു വിവരം നൽകി സബിത്തിന്റെ അറസ്റ്റിനു വഴിയൊരുക്കിയത്.

സബിത്ത് ഇടനിലക്കാരനായി കടത്തിയതായി സമ്മതിച്ച 20 പേരുടെ അവയവങ്ങൾ നീക്കിയ ഇറാനിലെ ആശുപത്രിയിൽ നിന്ന് ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ ന്യൂഡൽഹിയിലെ ഇറാൻ എംബസിയുടെ സഹായം തേടും. അവയവ റാക്കറ്റിന്റെ മുഖ്യകണ്ണിയായ ഇറാനിലെ മലയാളി ഡോക്ടറെക്കുറിച്ച് അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഇറാനിൽ ഉപയോഗിച്ചിരുന്ന 2 ഫോൺ നമ്പറുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ ഡോക്ടറുടെ കേരളത്തിലുള്ള ബന്ധുക്കളും നിരീക്ഷണത്തിലാണെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.