1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2022

സ്വന്തം ലേഖകൻ: ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നു. മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു.

മഹ്‌സ അമിനിയുടെ മരണത്തില്‍ പടിഞ്ഞാറന്‍ ഇറാനില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സെപ്തംബര്‍ 17നായിരുന്നു മഹ്‌സ് അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിലാണ് മഹ്‌സയെ ടെഹ്റാനില്‍നിന്ന് ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്’ അറസ്റ്റ് ചെയ്തത്.

എന്നാല്‍ അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ വെള്ളിയാഴ്ച മരണപ്പെട്ടു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.

അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്റാന്‍ പോലീസ് പ്രതികരിച്ചു. മഹ്സ അമിനി അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്സ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.

മഹ്സയുടെ മരണത്തിന് പിന്നാലെയാണ് ഇറാനില്‍ ‘സദാചാര പോലീസി’നെതിരേ പ്രതിഷേധമുയര്‍ന്നത്. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇറാനിലേത് ‘ഗൈഡന്‍സ് പട്രോള്‍’ അല്ല ‘മര്‍ഡര്‍ പട്രോള്‍’ ആണെന്നാണ് ഇവരുടെ ആക്ഷേപം. ‘മര്‍ഡര്‍ പട്രോള്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററില്‍ പ്രതിഷേധിച്ചത്. ഇറാനിലെ യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു.

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതപരമായരീതിയിലുള്ള വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് ‘ഗൈഡന്‍സ് പട്രോളി’ന്റെ ചുമതല. സദാചാര പോലീസ്, ഫാഷന്‍ പോലീസ് തുടങ്ങിയ പേരുകളിലും ഈ പോലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ വാര്‍ത്തയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെയാണ് ഗൈഡന്‍സ് പട്രോള്‍ വിഭാഗം പ്രധാനമായും അറസ്റ്റ് ചെയ്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.