1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ജൂണ്‍ 30 ന് കരാര്‍ നിലവില്‍ വരുമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെഫ് റാത്‌കെ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ സ്വിറ്റ്‌സര്‍ലന്റില്‍ വച്ചു നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ രാജ്യങ്ങളും തമ്മില്‍ ആണവ കരാറിന്റെ കരട് ചട്ടക്കൂട് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്റേയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തു.

അന്നുണ്ടാക്കിയ ധാരണ പ്രകാരം ജൂണ്‍ 30 ആണ് കരാറില്‍ നടപ്പിലാക്കാനുള്ള അവസാന ദിവസം. എന്നാല്‍ കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേലും അതിന് ചുട്ട മറുപടിയുമായി ഇറാനും രംഗത്തു വന്നതോടെ കരാര്‍ നടപ്പിലാക്കുന്ന അനിശ്ചിതത്വത്തിലായിരുന്നു.

തങ്ങള്‍ക്കു മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധം നീക്കാതെ കരാര്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് ഇറാന്‍ ഉറച്ച നിലപാടെടുത്തതോടെ അന്തിമ കരട് സംബന്ധിച്ച് ആശങ്ക ശക്തമാകുകയും ചെയ്തു. ഇറാനുമായി കരാറുണ്ടാക്കുന്നത് ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍യാമീന്‍ നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചത് സ്ഥിതികഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

എന്നാല്‍ ഇത്തരം ആശങ്കകള്‍ അവസാനിപ്പിച്ചു കൊണ്ടാണ് യുഎസ് വിദേശകാര്യ വക്താവിന്റെ പ്രസ്താവന. കരാര്‍ ജൂണ്‍ 30 നകം തന്നെ നിലവില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നതിന് പകരമായി ഇറാന്‍ ആണവ സംമ്പുഷ്ടീകരണം കുറച്ച് ആണവ ശേഖരം കുറക്കുമെന്നതാണ് കരാറിന്റെ എകദേശ രൂപം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.