സ്വന്തം ലേഖകന്‍: ‘ലജ്ജയില്ലാത്ത ഇറാന്‍. ഇന്നേവരെയില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും,’ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.
2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറില്‍ (ജോയിന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെസിപിഒഎ) നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്. ‘ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ല, കൊണ്ടുവരികയുമില്ല,’ കരാറിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ട്രംപ് പറഞ്ഞു.
‘ഒട്ടും ലജ്ജയില്ലാത്ത വിധം ഇറാന്റെ ചോരക്കൊതിയോടെയുള്ള ആഗ്രഹങ്ങള്‍ കരാറിനു ശേഷം വളരുകയാണുണ്ടായത്. ആണവ പരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ ഇന്നേവരെയില്ലാത്ത വിധം കനത്ത പ്രശ്‌നങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരും,’ ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ജനത ഇറാനിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാന്‍ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാര്‍ പ്രകാരമുള്ള കാര്യങ്ങളില്‍ നിന്ന് ഇറാന്‍ വ്യതിചലിക്കില്ല. കരാറില്‍ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം ആണവപരിപാടികള്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല