
സ്വന്തം ലേഖകൻ: ചൈനയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അനുരഞ്ജന കരാര്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സ്വാഗതം ചെയ്തതായി ഇറാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പ്രസിഡന്റ് റെയ്സിക്ക് അയച്ച കത്തില്‍ സൗദി രാജാവ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തെ റിയാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നതായി ഇറാനിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി ട്വീറ്റ് ചെയ്തു. റൈസി ക്ഷണം സ്വാഗതം ചെയ്തതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് പത്തിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ വച്ച് നടന്ന ചടങ്ങിലാണ് ഏഴ് വര്‍ഷത്തിന് ശേഷം നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനായി രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായത്.
സൗദിയിലെ ഷിയ പുരോഹിതന്‍ നിമര്‍ അല്‍ നിമറിനെ സൗദി സര്‍ക്കാര്‍ വധിച്ചതിനെത്തുടര്‍ന്ന് 2016 ല്‍ ഇറാനിയന്‍ പ്രതിഷേധക്കാര്‍ സൗദി നയതന്ത്ര കാര്യാലയം ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളായി വരികയായിരുന്നു.
ഇറാന്‍ ആണവ പദ്ധതികള്‍ക്കെതിരായ എതിര്‍പ്പുകള്‍ക്കു പുറമെ, യമനുമായുള്ള യുദ്ധത്തില്‍ സൗദിക്കെതിരായി ഹൂത്തി വിമതരെ സഹായിക്കുക കൂടി ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മില്‍ അടുക്കാനാവാത്ത വിധം അകലുകയായിരുന്നു. എന്നാല്‍ ആദ്യം ഇറാഖിന്റെയും പിന്നീട് ഒമാന്റെയും അവസാനമായി ചൈനയുടെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഐക്യപ്പെടാന്‍ ധാരണയായത്.
ഷിയാ ഭൂരിപക്ഷമുള്ള ഇറാനും പ്രധാനമായും സുന്നി മുസ്ലികള്‍ താമസിക്കുന്ന സൗദി അറേബ്യയും തങ്ങളുടെ എംബസികളും മിഷനുകളും രണ്ട് മാസത്തിനുള്ളില്‍ വീണ്ടും തുറക്കുന്നതോടൊപ്പം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒപ്പുവച്ച സുരക്ഷാ, സാമ്പത്തിക സഹകരണ കരാറുകള്‍ നടപ്പിലാക്കുമെന്നും ഇരു രാജ്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്രജ്ഞര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി മൂന്ന് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, അവ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല