സ്വന്തം ലേഖകന്‍: ഇറാനുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇളവു നല്‍കണം; യുഎസിന്റെ ഉപരോധത്തിനെതിരെ ഇറ്റക്കെട്ടായി ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും. ഈ കമ്പനികളെ യുഎസ് മുന്നോട്ടുവക്കുന്ന സാമ്പത്തിക ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കണമെന്നു ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അമേരിക്കയോട് അഭ്യര്‍ഥിച്ചു.
ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഇറാന് എതിരേ കര്‍ക്കശ നടപടികള്‍ക്കു തയാറെടുക്കുകയാണ്. ഉപരോധം ലംഘിച്ച് ഇറാനുമായി വ്യാപാരം നടത്തുന്ന കമ്പനികളെയും ശിക്ഷിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിന്‍ , സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവര്‍ക്ക് യുറോപ്യന്‍ രാജ്യങ്ങള്‍ ഒഴിവു തേടി കത്തയച്ചത്.
ആണവക്കരാര്‍ പ്രാബല്യത്തിലായതിനെത്തുടര്‍ന്ന് യൂറോപ്യന്‍ കന്പനികള്‍ ഇറാനില്‍ നിക്ഷേപം നടത്തിയിരുന്നു. കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം പുനസ്ഥാപിക്കുകയും കൂടുതല്‍ കര്‍ശന നടപടികള്‍ എടുക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് യൂറോപ്യന്‍ കമ്പനികളെ ദോഷകരമായി ബാധിക്കും.
അമേരിക്ക തങ്ങള്‍ക്ക് ഒഴിവു നല്‍കാത്തപക്ഷം ഇറാനില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുക ഏറെ ബുദ്ധിമുട്ടാവുമെന്നു ഫ്രഞ്ച് കന്പനി ടോട്ടലും നെതര്‍ലന്‍ഡ്‌സിലെ പ്രമുഖ കമ്പനി മെര്‍സ്‌കും ചൂണ്ടിക്കാട്ടിയിരിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല