1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

സ്വന്തം ലേഖകന്‍: ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള രണ്ടു തീര്‍ഥാടകരെ സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്.

യെമന്‍ പ്രശ്‌നത്തില്‍ നേരത്തെ ഇരുരാജ്യങ്ങളും കൊമ്പു കോര്‍ത്തിരുന്നു. യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഹൗതി വിമതര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇറാന്‍ വിമര്‍ശിച്ചത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ഥാടനത്തിനായി സൗദിയിലേക്കുള്ള യാത്രക്കിടയില്‍ രണ്ടു ഇറാന്‍ തീര്‍ഥാടകരെ സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു വക്കുകയും ചോദ്യം ചെയ്യലെന്ന പേരില്‍ അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനുള്ള പ്രതികരണമായാണ് ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനം വേണ്ടെന്നു വച്ചത്. ഷിയ വംശീയത ഉയര്‍ത്തിപ്പിടിച്ച് ഇറാന്‍ മേഖലയിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുകയാണെന്നാണ് സൗദിയുടെ പ്രധാന ആരോപണം.

ഷിയ വംശജരായ യെമനിലെ ഹൗതി തീവ്രവാദികള്‍ക്ക് ആയുധം നല്‍കി പിന്തുണക്കുന്നത് ഇറാനാണെന്ന് സൗദിയുടെ വാദം. കൂടാതെ ഹൗതികളുമായി വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന് ഇറാന്റെ ആഹ്വാനം സൗദി അവഗണിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം 206 തീര്‍ഥാടകരുമായി ജിദ്ദയില്‍ എത്തിയ ഇറാന്റെ വിമാനത്തിന് വിമാനത്താവളത്തിന്‍ ഇറങ്ങാന്‍ സൗദി ആദ്യം അനുമതി നല്‍കിയില്ല. ഇതും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവാന്‍ കാരണമായി. പ്രതിവര്‍ഷം ഏതാണ്ട് അഞ്ചു ലക്ഷം തീര്‍ഥാടകരാണ് ഇറാനില്‍ നിന്ന് ഉംറക്കായി സൗദിയില്‍ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.