
സ്വന്തം ലേഖകൻ: ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾക്ക് കുവൈത്ത് സന്നദ്ധമാകുമെന്ന് റിപ്പോർട്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ കുവൈത്ത് നടത്തിയ നിർണായക ഇടപെടലുകൾ ഫലം കണ്ടിരുന്നു.
ഇത് ഇറാൻ, സൗദി പ്രശ്നത്തിലും ഇടപെടാൻ കുവൈത്തിന് ആത്മവിശ്വാസം നൽകുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സംഘർഷത്തിനും അസ്ഥിരതക്കും പകരം സമാധാനവും സ്ഥിരതയുമാണ് മേഖലയിൽ വേണ്ടതെന്നുമാണ് കുവൈത്തിെൻറ പ്രഖ്യാപിത നിലപാട്.
സങ്കീർണമായ സൗദി, ഇറാൻ പ്രശ്നം അത്രയെളുപ്പം തീർക്കാൻ കഴിയില്ലെന്ന് കുവൈത്തിന് അറിയാം. പ്രശ്ന പരിഹാരത്തിനുള്ള പ്രായോഗിക നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. എന്നാലും കുവൈത്തിെൻറ നയതന്ത്ര സന്നദ്ധത തന്നെ നിർണായക ചുവടുവെപ്പാണ്. ഇറാനുമായി ഇടപെടാൻ കഴിയുന്ന ഭരണകൂടം അമേരിക്കയിൽ നിലവിൽവന്നതും പ്രതീക്ഷ നൽകുന്നു.
ജോ ബൈഡൻ ഭരണകൂടം ഇറാൻ-സൗദി പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചന നൽകുന്നു. തുർക്കി-സൗദി പ്രശ്നങ്ങൾ തീർക്കാൻ ഇടപെടാമെന്ന് ഖത്തറും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല