1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി വ്യോമസേന രംഗത്ത്. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ 58 ഇന്ത്യക്കാരുമായി വ്യോമസേനയുടെ പ്രത്യേകവിമാനം ഗാസിയബാദില്‍ ലാന്‍റ് ചെയ്തെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്ററാണ് തിങ്കളാഴ്ച രാത്രി ഗാസിയബാദിലെ ഹിന്റണ്‍ വ്യോമതാവളത്തില്‍ നിന്നും യാത്ര തിരിച്ചത്. മെഡിക്കല്‍ സംഘമടങ്ങുന്ന ഒരു ടീമിനെയാണ് വ്യോമസേന ഇതിനായി നിയോഗിച്ചത്. എല്ലാ ഇന്ത്യക്കാരെയും മാര്‍ച്ച് 20നുള്ളില്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഏകദേശം 2000ത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ ടെഹ്‌റാനില്‍ കഴിയുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളിലൊന്നാണ് സി-17 ഗ്ലോബ് മാസ്റ്റര്‍. കൊറോണ വൈറസ് ബാധിച്ചവരെ നാട്ടിലെത്തിക്കുന്നതിനായുള്ള രണ്ടാം ദൗത്യത്തിനാണ് ഗ്ലോബ്മാസ്റ്ററിനെ ഉപയോഗിക്കുന്നത്. ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇതിന് മുമ്പ് ഗ്ലോബ് മാസ്റ്റര്‍ ഉപയോഗിച്ചിരുന്നു.

അന്ന് വിദേശ പൗരന്മാരെയടക്കം ഇന്ത്യ നാട്ടിലേത്തിച്ചിരുന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ലബോറട്ടറികളും ശാസ്ത്രജ്ഞരെയും ടെഹ്‌റാനിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. അവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കസ്റ്റംസ് അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 40ഓളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയം അറിയിച്ചിരുന്നു. ഇവരില്‍ മിക്കയാളുകളും ഇറാനിലൂടെ യാത്ര ചെയ്തവരാണ്. ഇറാനില്‍ ഏകദേശം 230പേര്‍ കൊറോണ ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 43 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്. ചൈനയ്ക്ക് പുറമെ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

അതേസമയം, കൊറോണ ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 3116 പേര്‍. ഇറ്റലിയില്‍ 463, ദക്ഷിണകൊറിയ 51, അമേരിക്ക 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. 100 അധികം രാജ്യങ്ങളിലായി ഒരുലക്ഷത്തില്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിനായിരത്തിലധികം ആളുകളുടെ രോഗം ഇതിനോടകം ഭേദമായിട്ടുണ്ട്.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം 7000 തടവുകാരെ ഇറാന്‍ മോചിപ്പിച്ചിരുന്നു. ഇനിയും കൂടുതല്‍ തടലുകാരെ വിട്ടയക്കുമെന്ന് ജുഡീഷ്വറി മേധാവി ഇബ്രാഹിം റൈസി അറിയിച്ചിരുന്നു. തടവുകാരുടെ മോചനം സാമൂഹിക സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ന്‍ത്തുന്നില്ലെങ്കില്‍ നടപടി തുടരാന്‍ തന്നെയാണ് ഇറാന്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പുറത്തുവിട്ടവരെ എപ്പോഴാണ് തിരികെയെത്തിക്കുമെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.