1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2020

സ്വന്തം ലേഖകൻ: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്.

ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷം ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലും ഇറാഖിലുമുള്ള ഇന്ത്യക്കാര്‍ക്കും ഇവിടെക്ക് പോകുന്നവര്‍ക്കും വിദേശകാര്യ മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഇറാഖിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നന്നും ഇറാഖിലെ ഇന്ത്യക്കാര്‍ ജാഗരൂകരായിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അമേരിക്കയിലുള്ള ഇന്ത്യാക്കാരുടെ കാര്യവും തുല്യ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യമാണെങ്കിൽ ഇന്ത്യ ഏത് പക്ഷത്ത് നിൽക്കും എന്നതല്ല, മറിച്ച് ഇന്ത്യാക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ എന്ത് ചെയ്യാനാവും എന്നതാണ് പ്രധാനം.

കേന്ദ്രസർക്കാരിന് മുന്നിൽ ഇപ്പോഴുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഇത് തന്നെയാണ്. അതിനാൽ തന്നെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളാവുമ്പോൾ അത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.

ഇന്ത്യൻ പൗരന്മാരുടെ ജീവൻ പോലെ തന്നെ സാമ്പത്തിക രംഗവും, യുദ്ധമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് ആശങ്ക വർധിപ്പിക്കുന്നു. അതിനാൽ തന്നെ തങ്ങളുടെ ആശങ്ക ഇറാനെയും അമേരിക്കയെയും ഇന്ത്യ അറിയിച്ചു.

ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സാരിഫുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ സംസാരിച്ചു. സ്ഥിതി വഷളാവാതെ നോക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് അനുഭാവപൂർണ്ണമാണ് ഇറാൻ പ്രതികരിച്ചത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടാണ് ഇന്ത്യയെയും വിഷയത്തിൽ സമാധാനത്തിന് ശ്രമിക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങൾക്കും വിലങ്ങുതടിയാകുന്നത്.

സമാധാന ശ്രമങ്ങൾക്ക് പിന്തുണ തേടിയും മറ്റ് സുരക്ഷാ മുൻകരുതലുകൾക്കായും ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലവിയോടും, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്യിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമായും എസ് ജയ്‍ശങ്കർ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.