സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍. പണവും ആയുധവും രാഷ്ട്രീയവും ഇന്റലിജന്‍സ് സംവിധാനവും ശത്രു ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭം ആരംഭിച്ചശേഷം ആദ്യമായി നടത്തിയ പ്രതികരണത്തില്‍ പരമോന്നത നേതാവ് വ്യക്തമാക്കി. തക്കസമയത്ത് താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയില്‍ ഖമനയ് പറഞ്ഞു.
ശത്രുക്കളാരെന്നു ഖമനയ് പറഞ്ഞില്ലെങ്കിലും അമേരിക്കയും ബ്രിട്ടനും സൗദി അറേബ്യയുമാണു കുഴപ്പം കുത്തിപ്പൊക്കുന്നതെന്ന് പരമോന്നത ദേശീയസുരക്ഷാ സമിതി സെക്രട്ടറി അലി ശംഖാനി ആരോപിച്ചു. സൗദികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടുന്‌പോഴേ അവര്‍ വിവരം അറിയൂയെന്നും ശംഖാനി പറഞ്ഞു.
വിലക്കയറ്റത്തിനും ഉന്നതതലത്തിലെ അഴിമതിക്കും എതിരേ ആരംഭിച്ച ജനകീയപ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇറാനിലെ മഷ്ദാദ് നഗരത്തില്‍ അഞ്ചു ദിവസം മുന്പ് ആരംഭിച്ച സമരം പെട്ടെന്നു വിവിധ നഗരങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒന്പതു പേര്‍ കൊല്ലപ്പെട്ടു. പലേടത്തും പോലീസും പ്രകടനക്കാരും ഏറ്റുമുട്ടി.
ഇതിനിടെ സര്‍ക്കാര്‍ അനുകൂലികളും പ്രകടനങ്ങള്‍ നടത്തിയതോടെ രാജ്യം സംഘര്‍ഷത്തിലാണ്. ഇതിനകം 450 പേരെ അറസ്റ്റ് ചെയ്തു. ഇറാനിലെ നിഷ്ഠുര ഭരണകൂടത്തിനെതിരേ ഒടുവില്‍ ജനം നിരത്തിലിറങ്ങിയിരിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.
മറ്റു രാജ്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റുകളുമായി സമയം പാഴാക്കുന്നതിനു പകരം സ്വന്തം രാജ്യത്തെ പ്രശ്‌നം തീര്‍ക്കാനാണു ട്രംപ് ശ്രമിക്കേണ്ടതെന്ന് ഇറാന്‍ വിദേശമന്ത്രാലയ വക്താവ് ബഹ്‌റം ഖ്വാസെമി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല