1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2021

സ്വന്തം ലേഖകൻ: ഇറാഖി പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയാണ് ആക്രമണം നടത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി പൂര്‍ണ ആരോഗ്യവാനെന്ന് ഇറാഖി സൈന്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ, താൻ സുരക്ഷിതനാണെന്ന് പറഞ്ഞുള്ള ഖാദിമിയുടെ ട്വീറ്റും പുറത്തുവന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലത്തെച്ചൊല്ലി ഇറാഖ് തലസ്ഥാനത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഖാദിമിയുടെ വസതിക്ക് നേരെ ആക്രമണമുണ്ടായത്. സുരക്ഷാസേനയിലെ പലര്‍ക്കും പരിക്കേറ്റിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രി ഖാദിമിയുടെ വസതിയിൽ ഒരു സ്‌ഫോടനം ഉണ്ടായിട്ടുണ്ടെന്ന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാദിമിയുടെ വസതിക്ക് പുറത്ത് നിലയുറപ്പിച്ചിരുന്ന സംരക്ഷണ സേനയിലെ ആറ് അംഗങ്ങൾക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഗ്രീൻ സോണിന് സമീപം സ്ഫോടന ശബ്ദങ്ങളും തുടര്‍ച്ചയായ വെടിയൊച്ചയും കേട്ടതായി പാശ്ചാത്യ നയതന്ത്രജ്ഞരെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.