
സ്വന്തം ലേഖകൻ: ഇന്ത്യൻ വംശജനായ ലിയോ വരദ്കർ വീണ്ടും അയർലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖ്യകക്ഷി ധാരണപ്രകാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പ്രധാനമന്ത്രിയും ഫിയാനഫോൾ നേതാവുമായ മൈക്കിൾ മാർട്ടിൻ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കി ഒഴിയുന്ന സാഹചര്യത്തിലാണ് ലിയോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
2017 മുതൽ 2020 വരെ അയർലൻഡ് പ്രധാനമന്ത്രിയായിരുന്ന ലിയോയ്ക്ക് ഇത് രണ്ടാം ഊഴമാണ്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കൂട്ടുകക്ഷി ഭരണതത്തിലേക്ക് നീങ്ങുകയായിരുന്നു. ഫിയാനഫോൾ, ഫിനഗെയ്ൽ, ഗ്രീൻപാർട്ടി എന്നീ മൂന്ന് കക്ഷികൾ ചേർന്നതാണ് ഭരണമുന്നണി.
അയർലൻഡിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രാജ്യത്തെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയുമാണ് ലിയോ വരദ്കർ. മഹാരാഷ്ട്ര സ്വദേശിയായ അശോക് വരദ്കറിന്റെയും അയർലൻഡ് സ്വദേശിയായ മറിയത്തിന്റയും മകനാണ് ലിയോ.
ഡബ്ലിനിലെ ട്രിനിറ്റി സർവകലാശാലയിൽ നിന്ന് 2003ലാണ് ലിയോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. 2013വരെ വരദ്കർ ഡോക്ടറായി ജോലിചെയ്തിരുന്നു. വരദ്കറിൻറെ പിതാവ് ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല