1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2022

സ്വന്തം ലേഖകൻ: നിലവിൽ മൈഗ്രന്റ് സൗഹൃദമല്ലാത്ത രീതിയിൽ നടത്തിവരുന്ന അഡാപ്റ്റേഷൻ, ആപ്റ്റിറ്റ്യൂഡ് പരീക്ഷാരീതികളെപ്പറ്റി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇവ രണ്ടു മൈഗ്രന്റ് സൗഹൃദരീതിയിൽ സമഗ്രമായി പരിഷ്കരിക്കണമെന്ന ആവശ്യം മൈഗ്രന്റ് നഴ്സസ് അയർലൻഡ് ഭാരവാഹികൾ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡുമായി ജൂലൈ 6 ബുധനാഴ്ച ഓൺലൈനിൽ നടത്തിയ യോഗത്തിൽ ഉന്നയിച്ചു.

എൻഎംബിഐയെ പ്രതിനിധീകരിച്ചു സിഇഓ ഷീല മാക്ക്‌ളെലാൻഡ്, റജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി, എഡ്യൂക്കേഷൻ വകുപ്പ് മേധാവി കാരലൈൻ ഡോണോഹൂ എന്നിവരും മൈഗ്രന്റ് നഴ്സസ് അയർലൻഡിനെ പ്രതിനിധീകരിച്ചു വർഗീസ് ജോയ്, വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന, സോമി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അഡാപ്റ്റേഷൻ പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ പരാതികൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. സാംസ്കാരികമായി വലിയ വ്യത്യാസങ്ങളുള്ള അയർലൻഡിൽ എത്തുന്ന മൈഗ്രന്റ് നഴ്സുമാരുടെ പരിചയക്കുറവും സമ്മർദ്ദവും കണക്കിലെടുക്കാതെയുള്ള സമീപനമാണു സൂപ്പർവൈസർമാർ സ്വീകരിക്കുന്നതെന്നും ഇതു നഴ്സുമാർ അഡാപ്റ്റേഷനിൽ പരാജയപ്പെടുന്നതിലേക്കും തുടർന്നുള്ള അവരുടെ പ്രകടനം മോശമാകുന്നതിലേക്കും നയിക്കുന്നു എന്ന കാര്യം എൻഎംബിഐ സിഇഓയെ ധരിപ്പിച്ചു. കൂടാതെ അഡാപ്റ്റേഷൻ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റവും സമീപനവുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന പരാതികളും യോഗത്തിൽ ചർച്ച ചെയ്തു.

അഡാപ്റ്റേഷൻ പ്രോഗ്രാമിന്റെ പോരായ്മകൾ പരിഹരിക്കാൻ എൻഎംബിഐ ഇതു നടത്തുന്ന എല്ലാ ആശുപത്രികളിലും കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാർഥികളിൽ നിന്നും അഡാപ്റ്റേഷൻ നടക്കുന്ന സമയത്തും അതിന്റെ അവസാനത്തിലും ഫീഡ്ബാക്ക്/അഭിപ്രായ സർവ്വേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്സസ് അയർലൻഡ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

അഡാപ്റ്റേഷൻ നടക്കുന്നതിടയിൽ ഏതെങ്കിലും കാര്യത്തിൽ പരാതിയുണ്ടായാൽ അക്കാര്യം ഉടനെ തന്നെ അതാത് ആശുപത്രിയിലെ അഡാപ്റ്റേഷൻ പ്രോഗ്രാം ഡയറക്ടറെ നഴ്സുമാർ അറിയിക്കുകയാണെകിൽ അതിനു പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും അല്ലെങ്കിൽ എൻഎംബിഐ ഇടപെടാൻ സന്നദ്ധമാണെന്നും സിഇഓ ഷീല മാക്ക്‌ളെലാൻഡ് യോഗത്തെ അറിയിച്ചു.

ആപ്റ്റിറ്റ്യൂഡ് പരീക്ഷയുമായി ബന്ധപ്പെട്ട സമാനമായ പരാതികളും യോഗത്തിൽ ചർച്ച ചെയ്തു. പരീക്ഷ തുടങ്ങുന്നതിനു മുൻപും പരീക്ഷയുടെ ഇടക്കും പരീക്ഷാ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ച പരാതികൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. ഇക്കാര്യത്തിലും എൻഎംബിഐ കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാർഥികളിൽ നിന്നും ഫീഡ്ബാക്ക്/അഭിപ്രായ സർവേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്സസ് അയർലൻഡ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

നിലവിൽ എല്ലാ സ്റ്റേഷനുകളിൽ നിന്നും തത്സമയം റിപ്പോർട്ടുകൾ എൻഎംബിഐ സ്വീകരിക്കുകയും ഏതെങ്കിലും സ്റ്റേഷനുകളിൽ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്കിൽ ഉദ്യോഗാർഥികൾ പരാജയപ്പെട്ടാൽ അപ്പോൾ തന്നെ അതു പരിശോധിച്ചു വരുന്നുണ്ട് എന്നു റജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി യോഗത്തെ അറിയിച്ചു.

ആപ്റ്റിറ്റ്യൂഡ് പരീക്ഷക്ക് മുൻപു നൽകി വന്നിരുന്ന എക്സാം വീസ പുനഃസ്ഥാപിക്കണമെന്നും നിലവിൽ റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലൻഡ് മാത്രം പരീക്ഷ നടത്തുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി മറ്റു സെന്ററുകളിലും ആപ്റ്റിട്യൂട് പരീക്ഷ നടത്തണമെന്നും ഉള്ള ആവശ്യങ്ങൾ മൈഗ്രന്റ് നഴ്സസ് അയർലൻഡ് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.

എക്സാം വിസയുടെ കാര്യം പരിശോധിക്കാമെന്നും മറ്റു സ്ഥാപനങ്ങളോട് പരീക്ഷ നടത്താൻ എൻഎംബിഐ ആവശ്യപ്പെട്ടിരുന്നു എന്നും റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലൻഡ് മാത്രമാണ് അതിനു സന്നദ്ധമായത് എന്ന കാര്യവും സിഇഒ ഷീല മാക്ക്‌ളെലാൻഡ് യോഗത്തിൽ വിശദീകരിച്ചു. അഡാപ്റ്റേഷൻ പ്രോഗ്രാമിൽ പരാജയപ്പെട്ട നഴ്സുമാർക്ക് അപ്പീൽ നൽകുന്നതുമായുള്ള പാകപ്പിഴകൾ മൈഗ്രന്റ് നഴ്സസ് അയർലൻഡ് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.

പലപ്പോഴും അവസാന റിപ്പോർട്ടും മറ്റു രേഖകളും അതാത് ആശുപത്രികൾ കൃത്യസമയത്തു എൻഎംബിഐയിലേക്ക് അയച്ചുകൊടുക്കാതെ താമസിപ്പിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക്‌ യഥാസമയം അപ്പീൽ കൊടുക്കാൻ കഴിയാതെ വരുന്ന സാഹചര്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് എൻഎംബിഐ യോഗത്തിൽ ഉറപ്പുനൽകി. അഡാപ്റ്റേഷനും ആപ്റ്റിറ്റ്യൂഡ് പരീക്ഷയും കൂടുതൽ മെച്ചപ്പെട്ടതും മൈഗ്രന്റ് സൗഹൃദവും ആക്കാൻ കഴിയും എന്ന പ്രതീക്ഷ പങ്കു വച്ചു യോഗം പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.