സ്വന്തം ലേഖകന്‍: നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ഇര്‍മാ കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്ക് കരീബിയന്‍ ദ്വീപുകള്‍ കടന്ന് അമേരിക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഇതിനകം കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച് തുടങ്ങിയ ഇര്‍മാ ശനിയാഴ്ചയോടെ യുഎസിലെ ഫ്‌ളോറിഡയില്‍ എത്തുമെന്നാണു സൂചന.
ഏറെ അപകടമുണ്ടാക്കുന്ന കാറ്റഗറി അഞ്ചിലാണ് ഇര്‍മായെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരീബിയന്‍ മേഖലയില്‍ ഫ്രഞ്ച് അധീനതയിലുള്ള സെന്റ് മാര്‍ട്ടിന്‍ ദ്വീപിലെ അതിബലവത്തായ നാലു കെട്ടിടങ്ങള്‍ കൊടുങ്കാറ്റില്‍ തകര്‍ന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാഡ് കൊളോന്പ് അറിയിച്ചു. ആളപായം ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സെന്റ് മാര്‍ട്ടിനിലേക്കും സെന്റ് ബര്‍ത്തലേമിയിലേക്കും നീങ്ങുന്നതിനു മുന്പ് ഇര്‍മാ ആന്റിഗ്വയിലും ബാര്‍ബഡോസിലും നാശനഷ്ടം വിതച്ചിരുന്നു.
മുന്‍കരുതലെന്ന നിലയില്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ 67 കൗണ്ടികളിലും ഗവര്‍ണര്‍ റിക് സ്‌കോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ പ്യൂര്‍ട്ടാറിക്കോയില്‍ ഗവര്‍ണര്‍ റിക്കാര്‍ഡോ റോസല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നാഷണല്‍ ഗാര്‍ഡുകളോട് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
280 കിലോമീറ്റര്‍/മണിക്കൂര്‍ പ്രഹരശേഷി കൈവരിച്ചു കഴിഞ്ഞ ഇര്‍മാ മണിക്കൂറില്‍ 15 മൈല്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. പടിഞ്ഞാറോട്ട് സഞ്ചരിക്കുന്‌പോള്‍ ഇര്‍മാ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് കരുതപ്പെടുന്നത്. കാറ്റിന്റെ കൃത്യമായ പാത നിര്‍ണയിക്കാനായിട്ടില്ലെന്നു നാഷണല്‍ ഹരിക്കേന്‍ സെന്റര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച 60 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാക്കിയ ഹാര്‍വിയുടെ ദിരിതങ്ങളില്‍ നിന്ന് അമേരിക്കയിലെ ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങള്‍ കരകയറുന്നതിനിടെയാണ് വീണ്ടും അമേരിക്കയ്ക്ക് ഭീഷണിയായി ചുഴലിക്കാറ്റെത്തുന്നത്. ഹാര്‍വി ചുഴലിയില്‍ ജീവന്‍ നഷ്ടമായവരില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല