1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: ജിഹാദിയുടെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ വിലക്കില്ലെന്ന് ഹൈക്കോടതി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിലാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. നിലവിൽ സിറിയൻ അഭയാർഥി ക്യാംപിൽ കഴിയുകയാണ് ഷമീമ.

15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിയങ്കിലും മൂന്നു പേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങളും സിറിയയിൽ നിന്ന് പുറത്തുവന്നു.

എന്നാൽ തീവ്രവാദിയുടെ വധുവാകാൻ പോയ പെൺകുട്ടി മടങ്ങിയെത്തുമ്പോഴുള്ള ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങി വരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ ആ കുഞ്ഞു മരിച്ചു.

അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷെമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.
അതിനിടെ ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

ജിഹാദികൾക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്.

സുപ്രീം കോടതിയിൽനിന്നും സമാനമായ വിധിയുണ്ടായി ഇവർ ബ്രിട്ടനിൽ തിരികെയെത്തിയാലും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസിൽ സർക്കാർ നിലപാട്.

ഡച്ചുകാരനുമായ യാഗോ റീഡ്ജിക്ക് എന്ന ഐഎസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഇയാളുടെ മൂന്നു കുട്ടികൾക്കാണ് ഷെമീമ ജന്മം നൽകിയത്. മൂന്നാമതും ഗർഭിണിയായി താമസിയാതെ ഷെമീമയുടെ ഭർത്താവ് സിറിയൻ പട്ടാളത്തിന്റെ പിടിയിലായി. അതോടെ ഷമീമ അഭയാർഥി ക്യാംപിൽ അഭയം തേടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.