1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2019

സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കതിരെ യുഎസ് നടത്തിയ കമാന്‍ഡോ നീക്കത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടായിരുന്നതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്. ബാഗ്ദാദിയുടെ ആഭ്യന്തര വൃത്തത്തില്‍ ഒരു ചാരനെ നിയോഗിക്കുന്ന കാര്യത്തിൽ വിജയിച്ചിരുന്നുവെന്നും സിറിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാന്‍ സഹായമാകുന്ന തരത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്താന്‍ ഇയാള്‍ക്ക് സാധിച്ചതായും കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന എസ്ഡിഎഫ് അറിയിച്ചു.

അടിവസ്ത്രങ്ങള്‍ ലഭിച്ചതിനാലാണ് ഡിഎന്‍എ പരിശോധനയിലൂടെ ബാഗ്ദാദി തന്നെയാണ് സംശയിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന് ഉറപ്പുവരുത്താനും യുഎസിന്റെ സൈനികനടപടിയില്‍ പങ്കുചേരാനും സാധിച്ചതെന്ന് എസ്ഡിഎഫ് വ്യക്തമാക്കി. യുഎസ് സൈന്യത്തോടൊപ്പം നടത്തിയ രഹസ്യനീക്കങ്ങളുടെ വിവരവും എസ്ഡിഎഫ് പുറത്തുവിട്ടു.

ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളം കൃത്യമായി കണ്ടെത്താന്‍ യുഎസ് സൈന്യത്തിന് വിവരം നല്‍കിയത് എസ്ഡിഎഫ് ആണെന്ന് ഉയര്‍ന്ന് ഉദ്യോഗസ്ഥനായ പോളറ്റ് കാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇടയ്ക്കിടെ താവളം മാറ്റിയിരുന്ന ബാഗ്ദാദിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് യുഎസിന് വിവരം നല്‍കിയിരുന്നതെന്നും കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജെറാബ്ലസിലേക്ക് ബാഗ്ദാദി കടക്കുമായിരുന്നുവെന്നും കാന്‍ കൂട്ടിച്ചേര്‍ത്തു. ബാഗ്ദാദിയെ വധിക്കാന്‍ സഹായം നല്‍കിയ എല്ലാവര്‍ക്കും കാന്‍ ട്വിറ്ററിലൂടെ കൃതജ്ഞതയും അറിയിച്ചു.

ബാഗ്ദാദിയുടെ താവളത്തിന് നേരെയുള്ള വ്യോമാക്രമണമുള്‍പ്പെടെയുള്ള നീക്കങ്ങളില്‍ എസ്ഡിഎഫിന്റെ പൂര്‍ണപിന്തുണ യുഎസ് സൈന്യത്തിന് ലഭിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയന്‍ കുര്‍ദുകള്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഡിഎന്‍എ പരിശോധനയാണ് ബാഗ്ദാദിയെന്ന് സ്ഥിരീക്കാന്‍ സഹായിച്ചതെന്നും ട്രംപ് പറഞ്ഞു. ബാഗ്ദാദിയെ വധിക്കാന്‍ നല്‍കിയ സഹകരണത്തിന് തുര്‍ക്കി, ഇറാഖ്, സിറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് പ്രത്യേക നന്ദിയും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.