1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2017

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ വ്യോമാക്രമണത്തില്‍ വധിച്ചതായി റഷ്യ. സിറിയയിലെ റഖയില്‍ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാഗ്ദാദിക്കൊപ്പം നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന.

റഖയില്‍ നടന്ന ഐഎസ് യോഗത്തെ ലക്ഷ്യമാക്കി ആയിരുന്നു റഷ്യയുടെ വ്യോമാക്രമണം. ഈ യോഗത്തില്‍ ബാഗ്ദാദി പങ്കെടുത്തിരുന്നു. അല്‍ ബാഗ്ദാദിയ്ക്ക് ഒപ്പം 330 തീവ്രവാദികളും കൊല്ലപ്പെട്ടിരിക്കാമെന്നാണ് വെളിപ്പെടുത്തല്‍. കൂടുതല്‍ വ്യക്തത വരുത്താനായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

മേയ് 28 ന് സിറിയന്‍ നഗരമായ റാഖയുടെ തെക്കന്‍ പ്രാന്തപ്രദേശത്ത് ചേര്‍ന്ന ഐ.എസ് യോഗത്തിന് നേരെയായിരുന്നു വ്യോമാക്രമണം. റാഖയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായിരുന്നു ഐ.എസ് നേതാക്കള്‍ ഒത്തുകൂടിയതെന്നും റഷ്യ അറിയിച്ചു. യോഗം നടക്കുന്ന വിവരവും സ്ഥലവും സമയത്തെയും കുറിച്ച് അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും റഷ്യ വ്യക്തമാക്കി.

ബാഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആ വാര്‍ത്തകളൊക്കെ നിഷേധിച്ച് ബാഗ്ദാദിയുടെ ശബ്ദരേഖ ഐഎസ് പുറത്തു വിട്ടിരുന്നു. 2014 ജൂണിലാണ് ബാഗ്ദാദി പൊതുചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അവസാനമായി പുറത്തുവന്നത്. ഇറാഖിലെ മൊസൂളില്‍ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.