സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് ട്രംപ്; ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം എസ്ഡിഎഫ് വളഞ്ഞു. സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം യുഎസ് പിന്തുണയുള്ള കുര്‍ദുകളുടെ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) വളഞ്ഞു. ബഖൂസ് ഗ്രാമത്തിലെ 700 മീറ്റര്‍ പ്രദേശമാണ് സൈന്യം വളഞ്ഞത്.
ഗ്രാമത്തില്‍ ഐഎസ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായും അവര്‍ നാട്ടുകാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി സംശയിക്കുന്നതിനാല്‍ കരുതലോടെയാണ് നീങ്ങുന്നതെന്നും എസ്ഡിഎഫ് വക്താവ് അഡ്‌നാന്‍ അഫ്രിന്‍ അറിയിച്ചു. ഒട്ടേറെ ഐഎസ് പോരാളികള്‍ കീഴടങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. സി
സിറിയയില്‍ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തിനു മുന്‍പ് അവശേഷിക്കുന്ന ഐഎസ് ഭീകരരെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജര്‍മനിയിലെ മ്യൂണിക്കില്‍ പറഞ്ഞു. സിറിയയില്‍ 8 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ 3,60,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനാണ്.
അതിനിടെ സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. 800 ഭീകരരെയാണ് സിറിയയില്‍ നിന്ന് പിടികൂടിയത്. ഇന്നലെ ട്വിറ്ററിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. സിറിയയില്‍ നിന്ന് പിടികൂടിയ ഭീകരരെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ സ്വീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
സിറിയയില്‍ ഐ.എസിന്റെ പതനം ഉറപ്പായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപിന്റെ ആവശ്യം യൂറോപ്യന്‍ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും സഖ്യകക്ഷികള്‍ ആശങ്കയോടെയാണ് കാണുന്നത്. കിഴക്കന്‍ സിറിയയിലെ ഐ.എസിന്റെ അവസാന ശക്തികേന്ദ്രങ്ങളില്‍ ഒരാഴ്ച മുമ്പാണ് യു.എസ് പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്.ഡി.എഫ്) പോരാട്ടം ശക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല