സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ചൈനക്കാരനായ മുഹമ്മദ് അമിനെ ഏറ്റവും പ്രായമേറിയ ഐഎസ് പോരാളി എന്ന് പരിചയപ്പെടുത്തുന്നത്. അമിനൊപ്പം കുടുംബവുമുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു.
അറുപതു വര്‍ഷമായി ചൈനയില്‍ അടിമത്തത്തിലായിരുന്നു താനും കുടുംബവും എന്ന് എകെ 47 തോക്കുമായി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന അമിന്‍ പറയുന്നു. ഭാര്യ, മകള്‍, നാലു കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പമാണ് അമിന്‍ സിറിയയില്‍ എത്തിയത്. അമിന്റെ മകന്‍ ഇതിനു മുമ്പ് സിറിയയില്‍ ജിഹാദിയായെത്തി കൊല്ലപ്പെട്ടിരുന്നു.
അതിന്റെ വിഡിയോ കണ്ടതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ആഗ്രഹമുണ്ടായത്. അതേസമയം ചൈനയിലെ മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് വിഡിയോ എന്നാണ് ബക്കിങ്ങാം യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ, രഹസ്യാന്വേഷണ വിദഗ്ധന്‍ ആന്റണി ഗ്‌ളീസ് പറയുന്നത്.
ചൈനയില്‍ ഷിജാങ് പ്രവിശ്യക്കാരനാണ് അമിന്‍. ഈ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനമുറപ്പിക്കാന്‍ ശ്രമം നടത്തുന്നതായി ചൈനയുടെ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മുസ്ലീങ്ങളും തദ്ദേശീയ ചൈനക്കാരുമായി പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ള മേഖല കൂടിയാണ് ഷിജാങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല