1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2019

സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ സിറിയിയിലേക്ക് ഒളിച്ചോടി ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് പ്രസവിക്കാന്‍ നാട്ടിലെത്തണം; വരരുതെന്ന് ബ്രിട്ടന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടില്‍ എത്തുന്നത് തുറന്ന് എതിര്‍ത്ത് ബ്രിട്ടന്‍. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചു വരവിനെ തടയാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. ഷെമീമ ബീഗം തിരികെ ബ്രിട്ടനില്‍ എത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. 2015ലാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഷെമീമ സിറിയയിലേക്ക് കടക്കുന്നത്. 19 വയസ്സുള്ള ഷെമീമ ബീഗം ഇപ്പോള്‍ ഒമ്പത് മാസം ഗര്‍ഭിണിയാണ്. തന്റെ കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്തുന്നതിനു വേണ്ടിയാണ് ഷെമീമ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്. മുമ്പ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും മരിച്ചു. നിലവില്‍ സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ കഴിയുന്നത്.

2015 ല്‍ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് ഇവര്‍ സിറിയയിലേക്ക് പുറപ്പെട്ടത്.

ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറയുന്നു. ഒപ്പം കടന്ന കൂട്ടുകാരികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഐഎസ് ചേര്‍ന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓര്‍ത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങുന്നതെന്നും ഷെമീമ ബീഗം പറയുന്നു.

തുര്‍ക്കി അതിര്‍ത്തി കടന്നാണ് സിറിയയില്‍ എത്തിയത്. റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.