1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2021

സ്വന്തം ലേഖകൻ: സംഘർഷമൊഴിവാക്കാൻ ലോകരാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെ ഗാസയിലും ഖാൻ യൂനിസിലും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. ഇസ്രയേലിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ടെൽ അവീവിലും ബീർഷേബയിലും പ്രത്യാക്രമണവുമുണ്ടായി. വെസ്റ്റ് ബാങ്കിലും സംഘർഷം തുടരുകയാണ്. പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കം നേതാക്കളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചു. 2014 നു ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ഹമാസ് മേധാവിയാണ് ഇസ.

തിങ്കളാഴ്ച സംഘർഷം മൂർച്ഛിച്ച ശേഷം ഗാസയിൽ 49 പേരും ഇസ്രയേലിൽ മലയാളി നഴ്സ് അടക്കം 6 പേരും മരിച്ചു. ഇന്നലെ മാത്രം ഗാസയിൽ വധിക്കപ്പെട്ടത് 26 പേരാണ്. ഇതിൽ 14 പേർ കുട്ടികളാണ്. യുഎൻ, ഈജിപ്ത്, ഖത്തർ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ചർച്ചകൾ തുടരുകയാണെന്നു യുഎൻ പ്രതിനിധി ടോർ വെന്നസ്‌ലാൻഡ് പറഞ്ഞു.

ഗാസയിൽ ഒരു പാർപ്പിട സമുച്ചയം പൂർണമായും ഒന്ന് ഭാഗികമായും തകർത്തതായി ഇസ്രയേൽ അധികൃതർ പറഞ്ഞു. അതിനിടെ, സംഘർഷത്തെക്കുറിച്ചു പ്രസ്താവന പുറപ്പെടുവിക്കാനുള്ള യുഎൻ രക്ഷാസമിതിയുടെ നീക്കം യുഎസ് തടഞ്ഞതായി റിപ്പോർട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രസ്താവനയിറക്കുന്നത് പ്രശ്നം പരിഹാരശ്രമങ്ങൾക്കു തുരങ്കം വയ്ക്കുമെന്നാണ് യുഎസ് നിലപാട്.

ഹമാസിനെതിരെ ഇസ്രായേലിന്റെ വ്യോമാക്രമണത്തെ ന്യായീകരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് രംഗത്തെത്തിയത്. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ സമാധാന ദൂതനായി അയച്ചു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.

കൊമേഡിയന്‍ മായാ ഹുസൈന്‍ ലണ്ടനില്‍വെച്ച് ഇന്‍സ്റ്റഗ്രാം വഴി ചെയ്ത ലൈവ് വീഡിയോയില്‍ പലസ്തീനില്‍ നിന്നുള്ളയാള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇസ്രായേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന കാഴ്ചകള്‍ കാണാം. തങ്ങള്‍ അപകടത്തിലാണെന്നും സഹായിക്കണമെന്നും ഒക്കെ ഇയാള്‍ പറയുന്നു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് മായ ഹുസൈനും മറ്റുള്ളവരും ഭയന്നുവിറയ്ക്കുന്നതും കാണാം. പാലസ്തീന്‍ ജനതയെ ഓര്‍ത്ത് തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് മായ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്.

മറുവശത്ത് ഇസ്രയേലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവരുന്നു. ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകള്‍ ചിലത് നാശനഷ്ടമുണ്ടാക്കുമ്പോള്‍ മറ്റ് ചിലത് ആകാശത്ത് വച്ച് തന്നെ ഇസ്രയേല്‍ പ്രതിരോധിക്കുന്നതും തകര്‍ക്കുന്നതുമായ നിരവധി ദൃശ്യങ്ങളാണ് വരുന്നത്. സംഘർഷം ഒഴിവാക്കാൻ ഇരുവിഭാഗങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു. തൽസ്ഥിതി മാറ്റിമറിക്കാൻ ശ്രമിക്കരുതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.