സ്വന്തം ലേഖകൻ: ഗാസയിൽ വെടിനിർത്തൽ നീട്ടാൻ തീരുമാനമായി. ബന്ദികളെ മോചിപ്പിക്കുന്നത് തുടരുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ആറുദിവസംപിന്നിട്ട വെടിനിർത്തൽ നീട്ടാനായി ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനായി യുഎസ്. രഹസ്യാന്വേഷണ എജൻസിയായ സി.ഐ.എ.യുടെ തലവൻ വില്യം ബേൺസും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണീയും ഖത്തറിലെത്തിയിരുന്നു. തുടർന്ന് വെടിനിർത്തൽ നീട്ടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മധ്യസ്ഥ ചർച്ച തുടരുകയാണെന്നും ബന്ദികളാക്കപ്പെട്ടവരുടെ മോചനം തുടരുന്നതുമായി ബന്ധപ്പെട്ടും മറ്റു കരാർ വ്യവസ്ഥകളുടേയും പശ്ചാത്തലത്തിൽ വെടിനിർത്തൽ തുടരുമെന്നും ഇസ്രയേൽ സൈനികനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, എന്താണ് കരാർ വ്യവസ്ഥകൾ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഏഴാം ദിവസവും വെടിനിർത്തൽ തുടരുമെന്ന് ഹമാസ് വൃത്തങ്ങളും അറിയിച്ചു. എന്നാൽ, മറ്റുവിവരങ്ങളൊന്നും അവരും പുറത്തുവിട്ടിട്ടില്ല.
ജി-7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും സംയുക്തപ്രസ്താവനയിലൂടെ വെടിനിർത്തൽ നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. നാലുദിവസംകൂടി വെടിനിർത്തൽ തുടരാൻ സന്നദ്ധമാണെന്ന് ഹമാസ്, ഖത്തറിനെ അറിയിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇരുഭാഗത്തുനിന്നും തീരുമാനം ഉണ്ടായിരിക്കുന്നത്.
പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിക്കേണ്ടിയിരുന്ന നാലുദിനവെടിനിർത്തൽ ഇസ്രയേലിന്റെയും ഹമാസിന്റെയും ഉഭയകക്ഷിസമ്മതത്തോടെ രണ്ടുദിവസത്തേക്കുകൂടി നീട്ടിയിരുന്നു. ഇത് വ്യാഴാഴ്ച രാവിലെ അവാസാനിക്കാനിരിക്കേയാണ് വെടിനിർത്തൽ തുടരാനുള്ള തീരുമാനം. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ അതിനാനുപാതികമായ പലസ്തീൻ തടവുകാരെ വിട്ടയക്കുമെന്നും അതുവരെ വെടിനിർത്തൽ നീട്ടാൻ സന്നദ്ധമാണെന്നും ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ, ചൊവ്വാഴ്ച രാത്രിയോടെ ഒമ്പതുസ്ത്രീകളും ഒരു കൗമാരക്കാരനും രണ്ട് തായ് പൗരരുമടക്കം 12 ബന്ദികളെ ഹമാസ് വിട്ടയച്ചു. മോചിപ്പിക്കപ്പെട്ട 17-കാരി മിയ ലെയിംബെർഗിനൊപ്പം അവളുടെ അമ്മയും ആന്റിയും വളർത്തുനായ ബെല്ലയും തിരികെയെത്തി. പിന്നാലെ 30 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഇതോടെ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽവന്നശേഷം ആകെ മോചിപ്പിക്കപ്പെട്ട ബന്ദികളുടെ എണ്ണം 81 ആയി. ഇതിൽ 60 പേർ ഇസ്രയേലി പൗരരും മറ്റുള്ളവർ വിദേശികളുമാണ്. 180 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല