1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2023

സ്വന്തം ലേഖകൻ: ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലി പൗരന്‍മാരുടെ ജീവന്‍ രക്ഷിച്ച് രണ്ട് മലയാളി യുവതികള്‍. കെയര്‍ വര്‍ക്കേഴ്‌സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂര്‍ സ്വദേശി സബിതയുമാണ് ഹമാസ് സംഘത്തിന് മുന്നില്‍ നിന്ന് വൃദ്ധദമ്പതിമാരെ ജീവിതത്തിലേക്ക് തിരികെവിളിച്ചത്. ഹമാസ് വീട് വളഞ്ഞെന്ന് അറിഞ്ഞതോടെ നാലുപേരും വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു. ഹമാസ് സംഘാംഗങ്ങള്‍ ഈ റൂമിന്റെ ഇരുമ്പുവാതില്‍ വെടിവെച്ച് തകര്‍ക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും മീരയും സബിതയും മണിക്കൂറുകളോളം വാതില്‍ അടച്ചുപിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രയേല്‍-ഗാസ അതിര്‍ത്തിയിലെ കിബൂറ്റ്‌സിലാണ് ഇരുവരും ജോലി ചെയ്യുന്നത്‌. എഎല്‍എസ് രോഗം ബാധിച്ച റേച്ചല്‍ എന്ന വൃദ്ധയെ പരിചരിക്കലായിരുന്നു ജോലി. രണ്ടു പേരും ഓരോ ഷിഫ്റ്റിലായാണ് ജോലി ചെയ്തിരുന്നത്. രാവിലെ 6.30ന് ജോലി കഴിഞ്ഞ് സബിത താമസസ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങുന്ന സമയത്താണ് ഹമാസിന്റെ ആക്രമണമുണ്ടായത്. ആ സമയത്ത് അടുത്ത ഷിഫ്റ്റ് ജോലിക്കായി മീര വീട്ടിലെത്തുകയും ചെയ്തിരുന്നു.

‘എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. സൈറണ്‍ മുഴങ്ങിയതോടെ ഞങ്ങള്‍ നാലു പേരും സുരക്ഷാ റൂമില്‍ അഭയം തേടി. ആ സമയത്ത് റേച്ചലിന്റെ മകള്‍ ഞങ്ങളെ ഫോണില്‍ വിളിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയെന്നെന്നും രണ്ട് വാതിലുകളും ലോക്ക് ചെയ്തുവെയ്ക്കണമെന്നും അവര്‍ ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചുകയറി എന്ന് മനസിലായി. അവര്‍ ഷൂട്ട് ചെയ്യുന്ന ശബ്ദവും ഗ്ലാസുകള്‍ പൊട്ടുന്ന ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു.

സേഫ്റ്റി റൂമില്‍ നിന്ന് ഞങ്ങള്‍ വീണ്ടും റാഹേലിന്റെ മകളെ വിളിച്ചു. വാതില്‍ അമര്‍ത്തിപ്പിടിക്കാനാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ വാതിലിലേക്ക് ഷൂട്ട് ചെയ്യുകയും തകര്‍ക്കാനും ശ്രമിച്ചു. ഞങ്ങള്‍ വാതിലിലെ പിടിവിട്ടില്ല. രാവിലെ 7.30യെല്ലാം ആയപ്പോഴേക്കും ഹമാസ് സംഘം വീട്ടില്‍ നിന്ന് പോയെന്ന് മനസിലായി. പക്ഷേ വാതില്‍ തുറക്കാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു. നാലര മണിക്കൂറുകളോളം ഞങ്ങള്‍ വാതില്‍ നിന്ന് കൈവിടാതെ നിന്നു. അറിയാവുന്ന പ്രാര്‍ഥനകളെല്ലാം ചൊല്ലി. ഉച്ചയ്ക്ക് ഒരു മണിയായപ്പോഴും വീണ്ടും വെടിയൊച്ച കേട്ടു.

ഇസ്രയേല്‍ സൈന്യം ഞങ്ങളെ രക്ഷിക്കാനെത്തുമെന്ന് വീട്ടിലെ ഗൃഹനാഥനായ ഷ്മൂലിക് ഞങ്ങളെ അറിയിച്ചു. അദ്ദേഹം രാത്രിയായപ്പോള്‍ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. പൂര്‍ണമായും തകര്‍ന്ന വീടാണ് അദ്ദേഹം കണ്ടത്. സൈന്യം എത്തിയപ്പോള്‍ ഞങ്ങളും പുറത്തേക്കിറങ്ങി. സകലതും ഹമാസ് സംഘം എടുത്തുകൊണ്ടുപോയിരുന്നു. കൊണ്ടുപോകാന്‍ കഴിയാത്തത് നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. ഞങ്ങള്‍ തയ്യാറാക്കിവെച്ചിരുന്ന എമര്‍ജന്‍സി ബാഗും സ്വര്‍ണവും പണവുമെല്ലാം അവര്‍ കൊണ്ടുപോയിരുന്നു.

ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത പല വീടുകളും ഇതേ അവസ്ഥയിലാണുണ്ടായിരുന്നത്. അവിടേയുള്ള പലരേയും കൊല്ലപ്പെട്ടിരുന്നു. ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതുപോലെ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മിസൈല്‍ ആക്രമണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഞങ്ങള്‍ സുരക്ഷാ റൂമില്‍ താമസിക്കും. അതുകഴിഞ്ഞാല്‍ പുറത്തേക്കിറങ്ങും. എന്നാല്‍ ആ ദിവസം അതുപോലെയായിരുന്നില്ല. എന്തെങ്കിലും ചെയ്യാനുള്ള സമയം ഞങ്ങള്‍ക്ക് ലഭിച്ചില്ല.’-സബിത പറയുന്നു.

സബിതയുടേയും മീരയുടേയും ധൈര്യത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേലി എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയില്‍ നിന്നുള്ള സൂപ്പര്‍ വനിതകള്‍’ എന്നാണ് പോസ്റ്റില്‍ ഇരുവരേയും വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും രക്ഷിച്ച ഇസ്രായേലി പൗരന്‍മാരുടെ മകന്റെ ഭാര്യയും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസുമായി മണിക്കൂറുകളോളം പൊരുതിനിന്ന ഇവര്‍ ഹീറോകളാണെന്നും മാതാപിതാക്കളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.