
സ്വന്തം ലേഖകൻ: നീണ്ട 11 ദിവസത്തിന് ശേഷം ഇസ്രയേലും ഹമാസും വെടിനിർത്തിയതോടെ ഗാസ ശാന്തം. തുടക്കം മുതൽ തന്നെ ഖത്തറിൻെറ നേതൃത്വത്തിലും നടന്ന വിവിധ നീക്കങ്ങളും വെടിനിർത്തലിലേക്ക് നീങ്ങിയതിൽ നിർണായകഘടകമായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപ്പെടെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ മലയാളി നഴ്സായ സൗമ്യയും ഉൾെപ്പടും.
ഇസ്രയേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെട്ടിരുന്നു. ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ വിവിധ രാഷ്ട്രനേതാക്കൾ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്കു മാസ്, ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മർസുദി, ജോർഡൻ അധികൃതർ എന്നിവർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദുമായി തുർക്കി അസംബ്ലി സ്പീക്കർ മുസ്തഫ സെൻതോപ് ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലിയിരുത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ ഖത്തറിൻെറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും വ്യക്തമാക്കിയിരുന്നു.
ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ നൽകണമെന്നതാണ് ഖത്തറിൻെറ എക്കാലത്തെയും നിലപാട്.ഇസ്രയേൽ തുടരുന്ന അധിനിവേശവും ജൂതവത്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമാണ് നിലവിലുള്ള സംഘർഷങ്ങളുടെ കാരണമെന്നും ഖത്തർ വിവിധ വേദികളിൽ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഫലസ്തീനികളുടെ വംശഹത്യയാണ് നടക്കുന്നതെന്നും വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തരനടപടികൾ വേണമെന്ന് ഖത്തർ ഐക്യരാഷ്ട്രസഭയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മിഡിൽ ഇൗസ്റ്റിലെ പ്രത്യേകസാഹചര്യത്തിൻെറ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ. അടിയന്തര ജനറൽ അസംബ്ലിയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച പ്രാദേശികസമയം പുലർച്ച രണ്ടുമണിയോടെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിൽവന്നത്. പരസ്പരധാരണയോടെയാണ് ഇതെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. ഈജിപ്ത്, ഖത്തർ, ഐക്യരാഷ്ട്രസഭ എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളാണ് െവടിനിർത്തലിലേക്ക് അടുപ്പിച്ചതെന്ന് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ഗാസയിലെ ആസ്ഥാനത്തിനു നേരെയും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. റെഡ്ക്രസൻറ് സൊസൈറ്റി വഴി അനേകം ലോകരാജ്യങ്ങൾക്കാണ് വിവിധ സഹായങ്ങൾ ഖത്തർ എത്തിക്കുന്നത്. തങ്ങളുടെ ആസ്ഥാനം നിലനിന്ന കെട്ടിടം തകർത്തതിന് ശേഷവും ഫലസ്തീനിൽ ജീവകാരുണ്യ ആരോഗ്യ സേവനങ്ങൾ നൽകുന്നത് തുടരുമെന്നാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി വ്യക്തമാക്കിയിരുന്നത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമത്തിൻ്റെ വിവരങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നത് ദോഹ ആസ്ഥാനമായുള്ള ‘അൽ ജസീറ’ ചാനൽ ആണ്.ഗാസ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്ദ് അതിസാഹസികമായാണ് ബോംബ് ആക്രമണത്തിൻെറ തൽസമയ റിപ്പോർട്ടിങ് നടത്തുന്നത്. ഇവർ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രയേലിൻെറ ബോംബുകൾ തൊട്ടടുത്ത് പതിച്ചിരുന്നു. ഇതിൻെറ ശബ്ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല