1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2019

സ്വന്തം ലേഖകൻ: ഇസ്രായേലിലേക്കു കൊച്ചിയില്‍നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് നാളെ ആരംഭിക്കും. ശനി, ചൊവ്വ ദിവസങ്ങളിലാണു സര്‍വീസ്. ഇസ്രായേല്‍ എയര്‍ലൈന്‍ അര്‍ക്കിയ ആണു കൊച്ചിയില്‍നിന്ന് ടെല്‍ അവീവ് വിമാനത്താവളത്തിലേയ്ക്കു സര്‍വീസ് നടത്തുന്നത്.

വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ഇസ്രായേല്‍ സമയം രാത്രി 8.45 നു ടെല്‍ അവീവില്‍ നിന്ന് പുറപ്പെടുന്ന വിമാനം (ഐസെഡ് 633) ശനി, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.50നു കൊച്ചിയില്‍ എത്തും. അതേ ദിവസങ്ങളില്‍ രാത്രി 9.45നു ടെല്‍ അവീവിലേയ്ക്ക് (ഐസെഡ് 634) മടങ്ങിപ്പോകും. നാളെ ടെല്‍ അവീവില്‍ നിന്നെത്തുന്ന ആദ്യവിമാനത്തിനു സിയാല്‍ എആര്‍ഫ്എഫ് ജലഹാര വരവേല്‍പ്പ് നല്‍കും.

കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു ഗള്‍ഫ് മേഖലയ്ക്കു പടിഞ്ഞാറ് ഭാഗത്തേയ്ക്കു വിമാന സര്‍വീസ് തുടങ്ങുന്നത്. ആറുമണിക്കൂറാണു യാത്രാ സമയം. നിലവില്‍ കേരളത്തില്‍നിന്ന് ഇസ്രായേലിലേയ്ക്കു നേരിട്ടു വിമാനമില്ല. അതിനിടെ യാത്രക്കാര്‍ക്കു നല്‍കുന്ന സേവനത്തിന്റെ കാര്യത്തില്‍ കൊച്ചി വിമാനത്താവളം രാജ്യാന്തര അംഗീകാരത്തിന് അർഹമായി. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണ(എസിഐ)ലിന്റെ അംഗീകാരമാണ് സിയാലിനു ലഭിച്ചത്.

ഏഷ്യാ-പസഫിക് മേഖലയില്‍ പ്രതിവര്‍ഷം 50 ലക്ഷത്തിനും ഒന്നരക്കോടിയ്ക്കും ഇടയില്‍ യാത്രക്കാര്‍ക്കു സേവനം നല്‍കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാം സ്ഥാനമാണു സിയാലിന്. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ചടങ്ങില്‍ എസിഐ ഡയറക്ടര്‍ ജനറല്‍ എയ്ഞ്ചല ഗിട്ടെന്‍സില്‍നിന്നു സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ.ജോര്‍ജും ഓപ്പറേഷന്‍സ് അസി.ജനറല്‍ മാനേജര്‍ എബ്രഹാം ജോസഫും ചേര്‍ന്ന് എസിഐയുടെ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ അവാര്‍ഡ്-2018 ഏറ്റുവാങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.