1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2021

സ്വന്തം ലേഖകൻ: ഇസ്രയേലില്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിനായി തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി സൂചന. ഇതോടെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഫലസ്തിന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രതിപക്ഷ നേതാവ് ലാപിഡിന് ബുധനാഴ്ച വരെ സമയമുണ്ട്.

തീവ്രദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി യെയര്‍ ലാപിഡ് ധാരണയിലെത്തിയതായാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 23ലെ തെരഞ്ഞെടുപ്പിലെ യാമിന ഏഴ് സീറ്റുകള്‍ നേടിയെങ്കിലും ഒരു അംഗം നെതന്യാഹു വിരുദ്ധ സഖ്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതോടെ ഇവര്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്നു.

അതേസമയം, ഇത്തരം സഖ്യങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ലാപിഡിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ഇസ്രയേലില്‍ 12 വര്‍ഷത്തോളമായി തുടരുന്ന നെതന്യാഹു യുഗത്തിന് തിരശ്ശീല വീഴും. ഇതുമുന്നില്‍ കണ്ട് അധികാരം നിലര്‍നിത്താനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വോട്ടെടുപ്പില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടിയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവസരം നല്‍കുകയും 28 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ബുധനാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേല്‍ ഈ വര്‍ഷാവസാനത്തോടെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1996 മുതല്‍ 1999 വരെയും പിന്നീട് 2009 മുതലും ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന നെതന്യാഹു രണ്ട് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.