1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2020

സ്വന്തം ലേഖകൻ: ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ അമേരിക്കയുടെ ‘പശ്ചിമേഷ്യന്‍ പദ്ധതി’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇസ്രായേലിന്റെ ആവശ്യങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കുന്നതാണ്. നൂറ്റാണ്ടിന്റെ കരാർ എന്ന പേരില്‍ ദീര്‍ഘകാലമെടുത്ത് ട്രംപ് ഭരണകൂടം തയ്യാറാക്കിയതാണ് ഈ പദ്ധതി.

ദ്വിരാഷ്ട്ര സങ്കല്പത്തെ തത്വത്തില്‍ അംഗീകരിച്ചാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാകും. കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന് തലസ്ഥാനമാകാം. സ്വന്തം നാട്ടില്‍ നിന്ന് ഇസ്രായേലികളോ ഫലസ്തീനികളോ പുറത്തുപോകേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു. ഫലസ്തീന് ഇത് അവസാന അവസരമാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി

കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ അധിനിവേശങ്ങളെ മുഴുവന്‍ അംഗീകരിക്കുന്നതാണ് ട്രംപിന്റെ പദ്ധതി. പദ്ധതിയെ സ്വാഗതം ചെയ്ത ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഹമാസടക്കമുള്ള സംഘടനകളെ ഈ പദ്ധതി നിരായുധീകരിക്കുമെന്ന് പറഞ്ഞു. ഇസ്രായേലിനെ ഫലസ്തീന്‍ ജൂതരാഷ്ട്രമായി അംഗീകരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ അഴിമതിക്കേസില്‍ വിവാദത്തിലായ നെതന്യാഹുവിന് വേണ്ടിയാണ് ട്രംപ് ഈ പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് പൊതുവെയുള്ള വിമര്‍ശനം. ഏകപക്ഷീയമാണ് എന്നാരോപിച്ച് ഫലസ്തീന്‍ നേതാക്കള്‍ നേരത്തെ തന്നെ പദ്ധതിയെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ നിലനിർത്തുന്ന പശ്ചിമേഷ്യൻ സമാധാന പദ്ധതിക്കെതിരെ ഫലസ്തീൻ ജനതയും അറബ് ലോകവും ശക്തമായി രംഗത്തെത്തി. ട്രംപിന്റെ പദ്ധതി തള്ളണമെന്ന് ഫലസ്തീൻ സംഘടനകൾ അന്തർദേശീയ സമൂഹത്തോട് ആവശ്യപ്പെട്ടു. അടിയന്തര അറബ് ലീഗ് നേതൃയോഗം ശനിയാഴ്ച ചേർന്ന് ഭാവി നടപടികൾക്ക് രൂപം നൽകും.

വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ഒപ്പം നിന്നുകൊണ്ടുള്ള ട്രംപിന്റെ സമാധാന പദ്ധതി ശരിയായ ഗൂഢാലോചനയാണെന്ന് ഫലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തി. ട്രംപിന്റെ സമാധാന പദ്ധതി 100 ശതമാനവും നിരാകരിക്കുന്നതായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.