1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2022

സ്വന്തം ലേഖകൻ: ഇസ്രായേലുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ബഹ്‌റൈന്‍. ഇതിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗിന് അടുത്ത മാസം ബഹ്‌റൈന്‍ ആതിഥ്യമരുളും. വാര്‍ത്ത ഇസ്രായേല്‍ പ്രസിഡന്‍റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ രാഷ്ട്രത്തലവന്‍ താനായിരിക്കുമെന്ന് പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ് വ്യാഴാഴ്ച പറഞ്ഞു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഹെര്‍സോഗ് ബഹ്റൈനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുന്നതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസും അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈനുമായും യുഎഇയുമായും ഇസ്രായേല്‍ രണ്ട് വര്‍ഷം മുമ്പ് യുഎസ് മധ്യസ്ഥതയില്‍ ഒപ്പുവച്ച അബ്ഹാം കരാറിന്‍റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇസ്രായേല്‍ പ്രസിഡന്‍റ് ബഹ്‌റൈനില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മനാമയില്‍ നേരത്തേ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്‍റിന്‍റെയും സന്ദര്‍ശനം.

സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനു ശേഷം ഇസ്രായേല്‍ പ്രസിഡന്‍റ് യുഎഇ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യുഎഇലെത്തുന്ന ഐസക് ഹെര്‍സോഗ് യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക ശക്തിയായ ഇറാനുമായി ബഹ്‌റൈന്‍ ഭരണകൂടം തുരടുന്ന എതിര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇസ്രയേലില്‍ പ്രസിഡന്‍റ് സ്ഥാനം ആചാരപരമായ പദവിയാണെങ്കിലും വര്‍ഷങ്ങളായി സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹെര്‍സോഗ് കൂടുതല്‍ വലിയ പങ്കാണ് ഭരണനിര്‍വണത്തില്‍ വഹിച്ചുപോരുന്നത്. ഈ മാസം ആദ്യം നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒന്നാമതെത്തിയെങ്കിലും അദ്ദേഹത്തിന് ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ആഴ്ച മനാമയില്‍ നടന്ന അന്താരാഷ്ട്ര എയര്‍ ഷോയില്‍ ഇസ്രായേല്‍ കമ്പനികള്‍ ചരിത്രത്തിലാദ്യമായി പങ്കെടുത്തിരുന്നു. വ്യോമപ്രതിരോധ രംഗത്ത് സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇസ്രായേല്‍ കമ്പനിയെ എയര്‍ഷോയില്‍ പങ്കെടുപ്പിച്ചത്. ഇസ്രായേലി കമ്പനികളുമായി നിരവധി പ്രതിരോധ സഹകരണ കരാറുകളിലും ബഹ്‌റൈന്‍ ഒപ്പുവച്ചിരുന്നു. ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയിലെ ഇസ്രായേലിന്‍റെ പങ്കാളിത്തത്തില്‍ പ്രതിഷോധിച്ച് കുവൈത്ത്, ഒമാന്‍ കമ്പനികള്‍ എയര്‍ഷോയില്‍ നിന്ന് പിന്‍മാറിയത് വാര്‍ത്തയായിരുന്നു. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയതിനെ എതിര്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് ഒമാനും കുവൈറ്റും.

ഇസ്രായേലും ബഹ്റൈനും തമ്മില്‍ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഇസ്രായേല്‍, ബഹ്‌റൈന്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്ന് ബഹ്‌റൈന്‍ വ്യവസായ വാണിജ്യ മന്ത്രി സായിദ് അല്‍ സയാനി ഒരു പ്രമുഖ ഇസ്രായേലി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ജെറുസലേം വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് (ജെവിപി) സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു.

ജെവിപി സ്ഥാപകന്‍ എറെല്‍ മാര്‍ഗലിറ്റുമായി ഭാവി സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത അല്‍ സയാനി, നവംബര്‍ പകുതിയോടെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി ഒരു പ്രതിനിധി സംഘത്തെ മനാമയിലേക്ക് അയക്കുമെന്ന് ഇസ്രായേല്‍ സാമ്പത്തിക മന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.