1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2021

സ്വന്തം ലേഖകൻ: ചരിത്ര സന്ദര്‍ശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെനെറ്റ് ഞായറാഴ്ച രാത്രി യുഎഇയിലെത്തി. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി ആദ്യമായാണ് യുഎഇ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകത നാഫതലി ബെനെറ്റിന്റെ സന്ദര്‍ശനത്തിനുണ്ട്. ചരിത്രപരമായ അബ്രഹാം കരാറിലൂടെ ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ച് ഒരു വര്‍ഷം പിന്നിട്ടതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തിയിരിക്കുന്നത്.

ഞായറാഴ്ച രാത്രി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബെനെറ്റിന് ഊഷ്മളമായ സ്വീകരണമാണ് യുഎഇ നല്‍കിയത്. യുഎഇ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ടെര്‍മിനലില്‍ ചെന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇസ്രായേലിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ, യുഎഇയിലെ ഇസ്രായേല്‍ അംബാസഡര്‍ അമിര്‍ ഹയെക് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

തിങ്കളാഴ്ച അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയും വാണിജ്യ, വ്യാപാര മേഖലകളിലെ സഹകരണ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നാഫ്തലി ബെനെറ്റിന്റെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇക്കാര്യത്തില്‍ യുഎഇയുടെ പിന്തുണ ഉറപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഞായറാഴ്ച വൈകിട്ട് 4.30ന് ബെനെറ്റുമായുള്ള വിമാനം ഇസ്രായേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് തൊട്ടു മുമ്പാണ് പ്രധാന മന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. യുഎഇയിലേക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമെന്ന നിലയില്‍ ചരിത്രപരമായ സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രിയും സംഘവും അബുദാബിയില്‍ എത്തിയ വിവരം ബെനെറ്റിന്റെ ഔദ്യോഗിക വക്താവ് മതാന്‍ സിദിയും പിന്നീട് അറിയിച്ചു.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനു വേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ അബ്രഹാം കരാറില്‍ 2020 സെപ്തംബറിലാണ് യുഎഇ ഒപ്പുവച്ചത്. ബഹ്റൈനും മൊറോക്കോയുമാണ് കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങള്‍. മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആയിരുന്നു കരാര്‍ ഒപ്പിടാന്‍ മുന്‍കൈയെടുത്തത്. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായിത്തുടങ്ങിയിരുന്നു.

ഇസ്രായേലി വിദേശകാര്യ മന്ത്രി യേര്‍ ലാപിദ് കഴിഞ്ഞ ജൂണില്‍ യുഎഇ സന്ദര്‍ശിക്കുകയും അബുദാബിയില്‍ ഇസ്രായേല്‍ എംബസിയും ദുബായില്‍ കോണ്‍സുലേറ്റും ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന്, യുഎഇ എംബസി ഇസ്രായേലിലെ തെല്‍ അവീവില്‍ ആരംഭിക്കുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.