1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2021

സ്വന്തം ലേഖകൻ: ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ. പക്ഷേ, മേഖലയിലെ സമാധാനത്തിനായുള്ള 2002ലെ അറബ് ഇനീഷ്യേറ്റീവ് അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണം. സൗദിയുടെ യുഎന്‍ പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിബന്ധനകള്‍ക്കു വിധേയമായി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത പ്രഖ്യാപിച്ചത്.

1967ല്‍ ഇസ്രയേല്‍ കടന്നുകയറിയ മുഴുവന്‍ അറബ് പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങുകയും കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് സമാധാനത്തിനായുള്ള അറബ് ഇനീഷ്യേറ്റീവിന്റെ അടിസ്ഥാനം. ഇത് പാലിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാവുന്ന പക്ഷം ആ രാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യയ്ക്ക് തടസ്സമില്ലെന്നും അല്‍ മുഅല്ലിമി അറിയിച്ചു. 2002ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുണ്ടാക്കിയ ഈ കരാര്‍ അംഗീകരിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ ഇസ്രയേല്‍ എപ്പോള്‍ നടപ്പില്‍ വരുത്തുന്നുവോ അപ്പോള്‍ തന്നെ ആ രാജ്യവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരുക്കമാണെന്നതാണ് സൗദിയുടെ ഏറ്റവും പുതിയ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേല്‍ ഈ അറബ് സമാധാന കരാര്‍ അംഗീകരിക്കുന്ന പക്ഷം സൗദി അറേബ്യ മാത്രമായിരിക്കില്ല ആ രാജ്യത്തെ അംഗീകരിക്കുക. മറിച്ച് മുസ്ലിം ലോകത്തിന്റെ മൊത്തം അംഗീകാരം നേടിയെടുക്കാന്‍ ഇസ്രയേലിന് കഴിയും. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലെ 57 അംഗ രാജ്യങ്ങളും ഇക്കാര്യത്തില്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കാലം എത്ര കഴിഞ്ഞാലും തെറ്റും ശരിയും അങ്ങിനെ അല്ലാതാവുന്നില്ല. ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തിയ അധിനിവേശം തെറ്റാണ്. കാലം എത്ര കഴിഞ്ഞാലും അതങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ സാധ്യത ആരായുകയും അതിന് അധികൃതരെ പ്രേരിപ്പിക്കുന്നതിനുമായി 20 അമേരിക്കന്‍ ജൂത നേതാക്കള്‍ അടങ്ങുന്ന സംഘം കഴിഞ്ഞ മാസം സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുകയും ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

പലസ്തീന്‍ പ്രശ്ന പരിഹാരത്തിന് 2002 മുതല്‍ സൗദി അറേബ്യ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് അറബ് പീസ് ഇനീഷ്യേറ്റീവ്. 1967ലെ അറബ്, ഇസ്രയേല്‍ യുദ്ധത്തിലൂടെയാണ് കിഴക്കന്‍ ജെറൂസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുത്തത്. അതിനു ശേഷം 1980ല്‍ ജെറൂസലേമിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇസ്രയേല്‍ കൈയേറ്റം വ്യാപിപ്പിച്ചു. ഇതിന് അംഗീകാരം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം ഇതുവരെ തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.