1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: ഇസ്രയേലുമായി സൗഹൃദക്കരാറിൽ ഏർപ്പെട്ട യു.എ.ഇ.യുടെ നയതന്ത്ര ഓഫീസ് ടെൽ അവീവിൽ ഉടൻ സ്ഥാപിക്കും. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ മുന്നോട്ടുവരുമെന്നും യു.എ.ഇ.യുടെ വെളിപ്പെടുത്തൽ. അടുത്തവർഷം ദുബായ് ആതിഥ്യം വഹിക്കുന്ന എക്സ്‌പോ-2020 എന്ന ലോക വ്യാപാരമേളയിലും ഇസ്രയേലിന്റെ പങ്കാളിത്തമുണ്ടാകും.

ഇസ്രയേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ആദ്യപടിയായി യു.എ.ഇ. എംബസി അവിടെ സ്ഥാപിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഒരു ചർച്ചാ സമ്മേളനത്തിൽ യു.എ.ഇ.യുടെ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് വെളിപ്പെടുത്തി. അതേസമയം, പലസ്തീനുവേണ്ടി ഇസ്രയേലുമായി മധ്യസ്ഥചർച്ച നടത്താൻ യു.എ.ഇ. ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അക്കാര്യം പലസ്തീനും ഇസ്രയേലും ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണ്. അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള കരാറിന് അന്തിമരൂപം നൽകേണ്ടത് ഇരുരാജ്യങ്ങളും ചേർന്നാണ്. അതേസമയം, ഇതിനായുള്ള ചർച്ചകൾക്ക് പലസ്തീൻ മുന്നോട്ടുവരണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. ഇത്തരം പ്രതിസന്ധികൾ മറികടന്ന് മുന്നോട്ടുപോകാൻ അറബ് മേഖലയുടെ കണ്ണിൽക്കൂടി

ലോകത്തെ കാണേണ്ടതുണ്ട്. അത് യു.എ.ഇ.യുടെ താത്‌പര്യങ്ങൾക്ക് അനുഗുണമാണെങ്കിൽ അതിനായി യു.എ.ഇ. പരിശ്രമിക്കും. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ ഒരു ഇസ്‌ലാമികരാജ്യം സന്ദർശിക്കുമെന്ന് ആരും കരുതിയിരിക്കില്ല. പക്ഷേ, യു.എ.ഇ. ആ സന്ദർശനം യാഥാർഥ്യമാക്കി. പ്രതിസന്ധികളെ മറികടക്കാൻ യു.എ.ഇ. ധീരമായ ചുവടുവെപ്പാണ് നടത്തിയതെന്നും ഡോ. ഗർഗാഷ് വ്യക്തമാക്കി.

ഇസ്രയേലുമായി സമാധാനമാണ് യു.എ.ഇ. ആഗ്രഹിക്കുന്നത്. കൂടുതൽ അറബ് രാജ്യങ്ങൾ ഈ സൗഹൃദം സ്ഥാപിക്കാൻ മുന്നോട്ടുവരും. അതേസമയം, ഇസ്രയേലുമായി സൗഹൃദം സ്ഥാപിക്കുന്നതിനുമുമ്പ് മറ്റ് അറബ് രാജ്യങ്ങളുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്രയേലിനെക്കാൾ വലിയ സാമ്പത്തികശക്തിയാണ് യു.എ.ഇ. അതേസമയം, ശാസ്ത്രസാങ്കേതികരംഗത്ത് ഇസ്രയേലിന് മുൻതൂക്കമുണ്ട്. പരസ്പരം സഹകരിക്കാനും അവസരങ്ങൾ കണ്ടെത്താനും പുതിയ സൗഹൃദത്തിലൂടെ ഇരു രാജ്യങ്ങൾക്കും കഴിയും.

മൊസാദ് മേധാവി യു.എ.ഇ.യിൽ

സൗഹൃദക്കരാറിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹൻ കഴിഞ്ഞദിവസം യു.എ.ഇ. സന്ദർശിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ് നൗൻ ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. യു.എ.ഇ.യും ഇസ്രയേലും തമ്മിലുള്ള സമാധാനക്കരാറിന്റെ വിജയത്തിന് കോഹന്റെ പരിശ്രമങ്ങൾ കാരണമായിട്ടുണ്ടെന്ന് യു.എ.ഇ. സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. മേഖലയിൽ സമാധാനം കൈവരിക്കുന്നതിനും നിരവധിമേഖലകളിൽ ഉഭയകക്ഷി സഹകരണത്തിന് പുതിയ അവസരങ്ങൾ തുറക്കുന്നതിനും കരാർ മികച്ച സംഭാവന നൽകും.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങളോട് യു.എ.ഇ. പ്രതിജ്ഞാബദ്ധമാണെന്നും മേഖലയിലെ സ്ഥിരത വർധിപ്പിക്കുന്നതിന് കാരണമാകുന്ന നയതന്ത്രത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘യു.എ.ഇ. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഒരു ശ്രമവും ബാക്കിവെക്കില്ല, മേഖലയിലെ ജനങ്ങളുടെ മികച്ച ഭാവി ഉറപ്പുവരുത്തുന്നതിന് ദ്രുതഗതിയിലുള്ള ശാസ്ത്ര-സാങ്കേതിക പുരോഗതി നേടാൻ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പരിശീലനത്തിനും വൈദഗ്ധ്യത്തിനുമായുള്ള ആത്മാർഥ അന്വേഷണം ആവശ്യമാണ്’’ -ശൈഖ് തഹ് നൗൻ അഭിപ്രായപ്പെട്ടു.

അതേസമയം പലസ്​തീൻ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ ശ്രമം ഇരു രാജ്യങ്ങൾക്കിടയിലെ പ്രശ്​നപരിഹാരത്തെ ദുർ​ബലപ്പെടുത്തുമെന്ന്​ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ബെർലിനിൽ ജർമൻ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത്​ ജർമൻ വിദേശകാര്യ മന്ത്രി ഹികോ മാസുമായുള്ള കൂടിക്കാഴ്​ചക്കു​ ശേഷം ഇരുമന്ത്രിമാരും ചേർന്ന്​ നടത്തിയ വാർത്തസമ്മേളനത്തിലാണ്​ അദ്ദേഹം​ ഇക്കാര്യം പറഞ്ഞത്​. പലസ്​തീൻ വിഷയത്തിൽ അറബ്​ സമാധാന ശ്രമങ്ങളുടെയും അന്താരാഷ്​ട്ര നിയമങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ പരിഹാരമാണ്​ സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.