സ്വന്തം ലേഖകന്‍: കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും കത്തിനില്‍ക്കെ ഇറ്റലി വോട്ട് രേഖപ്പെടുത്തി; സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ നേതൃത്വത്തീല്‍ വലതുപക്ഷം തിരിച്ചുവരുമെന്ന് സൂചനകള്‍. കുടിയേറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമായ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി നയിക്കുന്ന വലതുപക്ഷത്തിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം സമീപകാലത്തെ കുറഞ്ഞ നിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബെര്‍ലുസ്‌കോനിയുടെ മധ്യ വലതുപക്ഷ കക്ഷിയും തീവ്രവലതു പക്ഷങ്ങളും ചേര്‍ന്ന് പാര്‍ലമന്റെിലെ വലിയ മുന്നണിയാകുമെന്നും പുതുതായി നിലവില്‍ വന്ന ഫൈവ് സ്റ്റാര്‍ മൂവ്മന്റെ് ഏറ്റവും വലിയ കക്ഷിയാകുമെന്നും കരുതുന്ന പാര്‍ലമന്റെ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം. അഴിമതിയും വര്‍ധിച്ചുവരുന്ന ദാരിദ്ര്യവും യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയെ അപകട മുനമ്പില്‍ നിര്‍ത്തിയ ഘട്ടത്തിലുള്ള തെരഞ്ഞെടുപ്പ് ഏറെ ആകാംക്ഷയോടെയാണ് അയല്‍രാജ്യങ്ങള്‍ കാണുന്നത്.
യൂറോപ്പില്‍ തീവ്രവലതുപക്ഷം അധികാരമേറുന്ന ആദ്യ രാജ്യമായി ഇറ്റലി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി രംഗത്തുവന്ന നവ നാസികള്‍ ഇറ്റലിയില്‍ ക്രമേണ കരുത്താര്‍ജിച്ചുവരുകയാണ്. അടുത്തിടെ രാജ്യത്ത് നടന്ന നവനാസി ആക്രമണത്തില്‍ ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് പരിക്കേറ്റിരുന്നു. ലൈംഗികാരോപണങ്ങളും നികുതിവെട്ടിപ്പും കാരണം 2011ല്‍ അധികാരം വിടാന്‍ നിര്‍ബന്ധിതനായ 81കാരനായ ബെര്‍ലുസ്‌കോനിയുടെ മടങ്ങിവരവാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല