
സ്വന്തം ലേഖകൻ: ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ക്രമാതീതമായി ഇറ്റലിയിലേയ്‌ക്ക് കുടിയേറ്റക്കാർ വന്നിറങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,200ൽ അധികം അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് എത്തിയതായാണ് റിപ്പോർട്ട്. 674 പേരെ രക്ഷപ്പെടുത്തിയതായും കാലാബ്രിയ തീരത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
15 ബോട്ടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ 522 പേരെ ഉദ്യോഗസ്ഥർ ലാംപെഡൂസയിൽ എത്തിച്ചു. ലിബിയയിൽ നിന്നും ടുണീഷ്യയിൽ നിന്നുമാണ് ബോട്ടുകൾ പുറപ്പെട്ടത്. യൂറോപ്പിൽ ആളുകൾ എത്തിച്ചേരുന്ന പ്രധാന തുറമുഖങ്ങളിലൊന്നാണ് ലാംപെഡൂസ. രക്ഷപ്പെടുത്തിയവരിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സുഡാൻ, എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഉൾപ്പെടുന്നതായി ബന്ധപ്പെട്ടവർ അറിയിക്കുന്നു.
ഇറ്റലിയിലെ കോസ്റ്റ് ഗാർഡും ഫിനാൻസ് പോലീസും ചേർന്ന് അഭയാർത്ഥികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ഈ വർഷം ആദ്യം 34,000 അഭയാർത്ഥികളും കുടിയേറ്റക്കാരും ഇറ്റലിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25,500 ആയിരുന്നുവെന്ന് ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള കണക്ക് സൂചിപ്പിക്കുന്നു. 1,000-ലധികം ആളുകൾക്ക് തങ്ങാൻ കഴിയുന്ന ലാംപെഡൂസ ദ്വീപിൽ ശനിയാഴ്ച 350 പേരും ഞായറാഴ്ച 400-ലധികം കുടിയേറ്റക്കാരുമാണ് നിലവിൽ എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല