1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇത്രയുമധികം യാത്രക്കാര്‍ ഒന്നിച്ച് കോവിഡ് പോസിറ്റിവായത് ആശങ്ക ഉയര്‍ത്തുന്നതാണ്. അതേസമയം ഒമിക്രോണ്‍ ബാധയാണോയെന്ന് വ്യക്തമായിട്ടില്ല. ഇതിനായി പരിശോധന നടത്തും. അതേസമയം രാജ്യത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ​ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.

325 മരണങ്ങള്‍ക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളിലും വലിയ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഒന്നാം സ്ഥാനത്തും ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ്. കര്‍ണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശക്തമായ കോവിഡ് വ്യാപനത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69 എന്ന നിലയിലേക്ക് എത്തി. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് രോഗിയായ പത്ത് പേരില്‍ നിന്നും 26 പേരിലേക്കു വരെ പകരാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പമാണ് ഒരാഴ്ചയ്ക്കിടയിലെ രോഗ വ്യാപനം. 8 ദിവസത്തിനിടെ, പ്രതിദിന കേസുകള്‍ 6.3 മടങ്ങ് വര്‍ധിച്ചു. ടിപിആറും കുത്തനെ കൂടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.