1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2022

സ്വന്തം ലേഖകൻ: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഇന്ന് വൈകുന്നരേത്തോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 22 മുതൽ 26 ശതമാനം വരെ വോട്ടുകൾ നേടി മെലോനി വിജയിക്കുമെന്നാണ് പ്രവചനം. തീവ്രവലതുപക്ഷ നിലപാടുകാരിയായ മെലോനി വിജയിച്ചാൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.

2018ൽ കേവലം നാല് ശതമാനം വോട്ട് മാത്രമാണ് മെലോനിയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ എണ്ണുന്ന വോട്ടുകളുടെ പ്രൊജക്ഷൻ വച്ചിട്ടാണ് ഇറ്റലിയിലെ എക്‌സിറ്റ് പോളുകൾ തയ്യാറാക്കുന്നത്. അതുകൊണ്ട് എക്‌സിറ്റ് പോളുകളിൽ ഇതുവരെ പിഴവ് സംഭവിച്ചിട്ടില്ല. ഇതാണ് മൊലോനിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുന്നതിനുള്ള പ്രധാന കാരണവും. നാല് ശതമാനത്തിൽ നിന്ന് 26 ശതമാനം വോട്ടിലേക്ക് മെലോനിയുടെ പാർട്ടി എത്തുമ്പോൾ അത് യൂറോപ്പിലാകെ ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടർമാരോട് പറഞ്ഞിരുന്നു.

‘എൽജിബിടിക്കൊപ്പമല്ല, യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗീക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരർക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പമാണ്. കുടിയേറ്റക്കാർക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാർക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകൾക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്‌ക്കൊപ്പമാണ്. ‘ ഇതാണ് തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രസംഗത്തിനിടെ മെലോനി പറഞ്ഞത്. ഈ കാഴ്ചപ്പാടുകളാണ് യൂറോപ്പിനെ ആശങ്കയിലാക്കുന്നതും. കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. തങ്ങൾ കുടിയേറ്റക്കാർക്കൊപ്പമല്ലെന്നും, തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ നിലപാട്.

യൂറോപ്യൻ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അങ്ങനെ ഒരു രാജ്യം തീവ്രദേശീയ വാദത്തിലേക്ക് തിരിഞ്ഞു കൊണ്ട് യൂറോപ്യൻ യൂണിയൻ എന്ന കൂട്ടായ്മയിൽ നിന്ന് അകന്നു നിൽക്കാൻ ഈ ഭരണമാറ്റം കാരണമാകുമെന്നാണ് വിലയിരുത്തൽ. പൗരാവകാശങ്ങളുടെ കാര്യത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഒക്കെ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നു ഇറ്റലി.

അക്കാര്യത്തിൽ തിരിച്ചടി ഉണ്ടാകുമോ എന്നുള്ള ആശങ്കയും ഒരു ഭാഗത്തുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്രവലതുപക്ഷ പാർട്ടിയാണ് ഇത്. മുസോളിനി ആരാധകരാണ് തങ്ങളെന്ന് ഇവർ പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. മുസോളിനിയുടെ സൈനിക-രാഷ്‌ട്രീയ ആശയങ്ങളിൽ നിന്ന് പലതും ഇന്നും പിന്തുടരേണ്ടതുണ്ടെന്നും ഇവർ വാദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.