1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2021

സ്വന്തം ലേഖകൻ: കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ഇറ്റലി. ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കോവിഡ് അടിയന്തിര ഉത്തരവിന് പ്രധാനമന്ത്രി മാരിയോ ദ്രാഗി അംഗീകാരം നൽകി. ജൂലൈ 31 വരെയാണ് പുതിയ ഉത്തരവിന്റെ കാലാവധി. കോവിഡ് വൈറസ് വ്യാപനം എത്രകാലം നിലനിൽക്കുമെന്ന് അറിയില്ലെന്നും, ഇറ്റലിയുടെ ആരോഗ്യ സംരക്ഷണ സംവിധാനം ഉയർത്തേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ, ഇനിയുള്ള അഞ്ച് ആഴ്ചകളിൽ ചുവപ്പ്, ഓറഞ്ച് കളർകോഡു മേഖലകൾക്കു പുറമേ അപകട സാധ്യത കുറവുള്ള മഞ്ഞ, വെള്ള കളർ സോണുകൾ തിരിച്ചുകൊണ്ടുവരും. കുറഞ്ഞ അപകട സാധ്യതയുള്ള മഞ്ഞ സോണുകൾക്കിടയിൽ നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യുന്നതിന് രാജ്യത്തെ 20 റീജീയനുകളിലും ഗ്രീൻ പാസ് ഏർപ്പെടുത്തും. ആറു മാസം കാലാവധിയുള്ള ഗ്രീൻ പാസ്, കോവിഡ്- 19 വൈറസ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കുമാണ് ലഭ്യമാക്കുക.

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികമായ യാത്രകൾക്ക് 48 മണിക്കൂർ സമയത്തേക്ക് പ്രത്യേക പാസ് നൽകും. നിലവിൽ രാത്രി 10 മുതൽ പ്രാബല്യത്തിലുള്ള കർഫ്യൂ, ജൂൺ ഒന്നുവരെ തുടരും. അതിനുശേഷം കോവിഡ്- 19 വൈറസ് വ്യാപന നിരക്കിനെ അടിസ്ഥാനമാക്കി സമയക്രമീകരണം പുനഃർനിർണയിക്കും. അനുകൂല സാഹചര്യമെങ്കിൽ കർഫ്യൂ പൂർണമായി ഒഴിവാക്കുന്ന സാഹചര്യവും പരിഗണിക്കും.

മഞ്ഞ, വെള്ള സോണുകളിൽ 26 മുതൽ, ഔട്ട്ഡോർ സൗകര്യമുള്ള റസ്റ്ററന്റുകൾ, ബാറുകൾ, കാറ്ററിങ് സർവീസുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഔട്ട്ഡോർ സംവിധാനങ്ങളില്ലാത്തവ ജൂൺ ഒന്നുവരെ പ്രവർത്തിക്കുവാൻ പാടില്ല. 26 മുതൽ ഈ അധ്യയനവർഷത്തിന്റെ അവസാനംവരെ നഴ്സറി തലം മുതലുള്ള എല്ലാ കുട്ടികളും സ്കൂളുകളിൽ എത്തി പഠനം നടത്തണം. ഹൈസ്കൂൾ വിദ്യാർഥികൾക്ക് അവരുടെ പ്രദേശത്തെ കളർസോൺ അനുസരിച്ചായിരിക്കും സ്കൂളിൽ നേരിട്ടെത്തുന്നതിന്റെ സാധ്യതകൾ.

ഏപ്രിൽ 26 മുതൽ ജൂൺ 15 വരെ മഞ്ഞ, ഓറഞ്ച് സോണുകളിലുള്ളവർക്ക് ബന്ധുവീടുകളിലോ സുഹൃദ് ഭവനങ്ങളിലോ സന്ദർശനം നടത്തുന്നതിന് അനുമതിയുണ്ട്. എന്നാൽ ഒരേസമയം നാലുപേരിൽ കൂടുതൽ സന്ദർശക സംഘത്തിൽ ഉണ്ടാകുവാൻ പാടില്ല. സന്ദർശകരുടെ കൂട്ടത്തിലുള്ള കുട്ടികളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.

ഔട്ട്ഡോർ കായിക വിനോദങ്ങൾ 26 ന് പുനഃരാരംഭിക്കും. മേയ് 15 മുതൽ നീന്തൽക്കുളങ്ങൾ വീണ്ടും തുറക്കും. മത്സര കായിക ഇനങ്ങൾക്ക് ജൂൺ ഒന്നു മുതൽ അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ ആകെ ശേഷിയുടെ 25% കാണികളെ മാത്രമേ അനുവദിക്കൂ. ഇൻഡോർ സ്റ്റേഡിയങ്ങളിൽ 500, ഔട്ട്ഡോർ സ്റ്റേഡിയങ്ങളിൽ 1000 എന്നിങ്ങനെ പരമാവധി കാണികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ജിംനേഷ്യങ്ങൾ, പാർക്കുകൾ തുടങ്ങിയവ ജൂൺ ഒന്നു മുതലാണ് വീണ്ടും പ്രവർത്തിച്ചു തുടങ്ങുക.

കർശനമായ നിയന്ത്രണങ്ങളോടെയും പരിമിതമായ ശേഷിയിലും സിനിമ തീയറ്ററുകൾ, നാടകശാലകൾ, കച്ചേരി ഹാളുകൾ, സംഗീത ക്ലബ്ബുകൾ എന്നിവ പ്രവർത്തിച്ചു തുടങ്ങും. കാണികളുടെ കാര്യത്തിൽ ഇൻഡോർ – ഔട്ട്ഡോർ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. മ്യൂസിയങ്ങൾ, പൊതു ഗാലറികൾ, പുരാവസ്തു സംരക്ഷിത പ്രദേശങ്ങൾ എന്നിവയ്ക്ക് മഞ്ഞ സോണിൽ തുറന്നു പ്രവർത്തിക്കാം. ബീച്ച് – ബീച്ച് ക്ലബ്ബുകൾ എന്നിവ നിയന്ത്രണങ്ങളോടെ മേയ് 15 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.