
സ്വന്തം ലേഖകൻ: സ്കോട്‌ലൻഡിലെ എഡിൻബറോയിലെ സിറോ മലബാർ പള്ളിയിൽ ഒരു ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയ തുക 1400 പൗണ്ട്. ഏകദേശം 1,40,000 ഇന്ത്യൻ രൂപ. എഡിൻബറോ സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി പള്ളിയിലാണ് ലേലം നടന്നത്. ലേലത്തിന്റെ വെറും 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം ഉള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. പള്ളിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പള്ളി ഭാരവാഹികൾപറഞ്ഞു.
യുകെയിൽ ചക്കയ്ക്ക് തീ പിടിച്ച വിലയെത്തുന്നത് പുതിയ സംഭവം ഒന്നുമല്ല. ഏറ്റവും കുറഞ്ഞത് ഇരുപത് മുതൽ 50 പൗണ്ടിന് വരെ വിറ്റു പോകുന്ന ചക്കകൾ ബ്രിട്ടനിലെ വിവിധ മലയാളി കടകളിലും ഓപ്പൺ മാർക്കറ്റുകളിലും ലഭ്യമാണ്. കഴിഞ്ഞ വർഷം ഓപ്പൺ മാർക്കറ്റുകളിൽ 160 പൗണ്ടിന് വരെ വിൽപന നടന്നത് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ബ്രസീലിൽ നിന്നും ലണ്ടനിൽ വിൽപനയ്ക്ക് എത്തിച്ച ചക്കയെ കുറിച്ചായിരുന്നു അന്നത്തെ വാർത്ത. ചക്കയെന്ന മാജിക് പഴത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന അന്വേഷണവുമായി ദി ഗാര്‍ഡിയന്‍ പത്രവും വാർത്ത ചെയ്തത് കഴിഞ്ഞ വർഷമാണ്.
സാധാരണ ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ചക്കകളാണ് മലയാളികള്‍ യുകെയിൽ വാങ്ങുന്നത്. മലേഷ്യയിൽ നിന്നെത്തുന്ന ചക്ക പത്തു പൗണ്ടിന് വരെ ലഭിക്കുമ്പോൾ ഫിലിപ്പീന്‍സ് ചക്ക നാലര പൗണ്ടിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭ്യമായിരുന്നു. ശ്രീലങ്കന്‍ ചക്കകള്‍ കഴിഞ്ഞ സീസണില്‍ ആറുമുതല്‍ ഏഴു വരെ പൗണ്ടിനാണ് വിറ്റു പോയിരുന്നത്. നാലോ അഞ്ചോ കിലോ തൂക്കമുള്ള ചക്കകള്‍ 20 മുതല്‍ 50 പൗണ്ട് വരെയുള്ള വിലയിൽ മലയാളി കടകളില്‍ മുറിക്കാതെ വാങ്ങാന്‍ സാധിക്കുമായിരുന്നു. ചക്ക ചുളകള്‍ പ്രത്യേക പായ്ക്കറ്റിലാക്കി മുന്നു മുതൽ അഞ്ച് പൗണ്ട് വരെ വിലയ്ക്ക് യുകെയിൽ ലഭ്യമാണ്. ഇതിനൊപ്പം ഫ്രോസണ്‍ ചെയ്ത ചക്കയും ചക്കക്കുരുവും ഇടി ചക്കയും യുകെയിലെ മലയാളി കടകളിൽ ലഭിക്കും. ചക്ക ചേർത്ത പിസ, ബർഗർ എന്നിവ യുകെയിലെ ബ്രിട്ടിഷ് കടകളിലും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല