1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2019

സ്വന്തം ലേഖകൻ: സംഘർഷത്തിന്റെ പാത പൂർണമായും വെടിഞ്ഞ് മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിളിച്ചുചേർത്ത യാക്കോബായ സഭാ സിനഡ് ആഹ്വാനം ചെയ്തു.

സഭ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമാധാന ചർച്ചകൾ മാത്രമാണ് മുന്നിലുള്ള പ്രതീക്ഷ. ഓർത്തഡോക്സ് സഭ ചർച്ചകൾക്കു വാതിൽ തുറന്നിട്ടില്ലെങ്കിലും അതിനുള്ള സാധ്യത പ്രസ്താവനയിലൂടെയോ നടപടിയിലൂടെയോ ഇല്ലാതാക്കരുതെന്ന് സിനഡ് നിർദേശം നൽകി.

മാർപാപ്പയെ പരമാധ്യക്ഷനായി അംഗീകരിച്ച് സ്വതന്ത്ര സഭകളായി നിലകൊള്ളുന്ന കേരളത്തിലെ കത്തോലിക്കാ വിഭാഗങ്ങളെപ്പോലെ സ്വതന്ത്ര സഭകളായി നിലകൊണ്ട് പരിശുദ്ധ പാത്രിയർക്കാ സിംഹാസനത്തെ അംഗീകരിച്ചു മുന്നോട്ടുപോകാൻ കഴിയും. അല്ലെങ്കിൽ പൗരസ്ത്യ സഭകളെപ്പോലെ രണ്ടു പരമാധ്യക്ഷൻമാരുടെ കീഴിൽ കൂദാശകൾ പങ്കുവയ്ക്കുന്ന സഹോദര സഭകളായി തുടരാനാവും. സഭാ സമാധാനത്തിനായി ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മാ സിംഹാസനത്തെ അംഗീകരിക്കാൻ തയാറാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഓർമിപ്പിച്ചു.

മാർത്തോമ്മായുടെ സിംഹാസനത്തിനു കീഴിൽ ഇന്ത്യൻ സഭയായി ഓർത്തഡോക്സ് സഭയ്ക്കു നിലനിൽക്കാം. അന്ത്യോക്യ സിംഹാസനത്തെ അംഗീകരിക്കുന്ന യാക്കോബായ സഭ മറ്റൊരു സഭയായി തുടരും. സഹോദര സഭകളായി അംഗീകരിക്കുമ്പോൾ ഇരുകൂട്ടർക്കും കൂദാശകളും പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കാൻ കഴിയും. അന്ത്യോക്യ വിശ്വാസം കലർപ്പില്ലാതെ സൂക്ഷിക്കാനുള്ള യാക്കോബായ സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം. വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ല.

സഭാ ഐക്യത്തിനുള്ള സാധ്യതകൾ ഇനി വിരളമാണ്. സമാധാനപരമായ സഹവർത്തിത്വമാണ് മുന്നിലുള്ള വഴി. ചർച്ചകളിലൂടെ മാത്രമേ സൗഹൃദാന്തരീക്ഷം ഉണ്ടാവൂ. സിനഡ് അംഗങ്ങൾക്കിടയിൽ കൂടുതൽ ഐക്യത്തോടെയുള്ള പ്രവർത്തനം വേണമെന്നും കൂടിയാലോചനകൾ വേണമെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിർദേശിച്ചു. മസ്കത്തിലെ ഗാല സെന്റ് മൊർത്തശ്മൂനി യാക്കോബായ പള്ളിയിലായിരുന്നു സിനഡ്. ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ക്രൈസ്തവ സഭാ സിനഡിനു വേദിയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.