1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: പ്രതിവർഷം 17,500 കോടി രൂപ ശമ്പളം, അതും ഒരു ഇന്ത്യക്കാരന്. ആരും അമ്പരക്കേണ്ട……ഇത് സത്യമാണ്.. ലോകത്തിന്റെ പല ഭാഗത്തും ഐടി കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാർ എന്നും നമ്മുടെ അഭിമാനമാണ്. ഈ പട്ടകയിലേക്ക് എഴുതിച്ചേർക്കപ്പെട്ട പുതിയ പേരാണ് പഞ്ചാബിൽ വേരുകളുള്ള ജഗ്ദീപ് സിംഗ്. അമേരിക്കൻ ബാറ്ററി സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കേപിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഇന്ത്യൻ വംശജനായ ജഗ്ദീപ് സിംഗ്.

2010 ലാണ് ക്വാണ്ടംസ്‌കേപ് എന്ന കമ്പനി ജഗ്ദീപും രണ്ട് സുഹൃത്തുക്കളും ചേർന്ന് സ്ഥാപിച്ചത്. ഭാവിയുടെ വാഹനമെന്ന് വിശേഷിപ്പിക്കുന്ന വൈദ്യുതി വാഹനങ്ങൾക്ക് വേണ്ടിയുള്ള സോളിഡ് സ്റ്റേറ്റ് ലിത്തിയം മെറ്റൽ ബാറ്ററികളിലാണ് ക്വാണ്ടംസ്‌കേപ്പ് ഗവേഷണം നടത്തുന്നത്. കാലിഫോർണിയയിലെ സാൻജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ഇപ്പോൾ 400 േലറെ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിന്റെയും ഓട്ടോ ഭീമൻ ഫോക്‌സ്വാഗന്റെയും പിന്തുണയോടെയാണ് ക്വാണ്ടംസ്‌കേപ് പ്രവർത്തിക്കുന്നത്.

എന്നാൽ ജഗ്ദീപ് സിംഗ് എന്ന പേര് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ കാരണം ഇതൊന്നുമല്ല. അത് അദ്ദേഹത്തിന്റെ ശമ്പള പാക്കേജ് തന്നെയാണ്. ഈ അടുത്താണ് ജഗ്ദീപ് സിംഗിന്റെ വലിയ പാക്കേജിന് ഷെയർഹോൾഡർമാരുടെ വാർഷിക യോഗത്തിൽ അംഗീകാരം ലഭിച്ചത്. ജഗ്ദീപ് സിംഗിന് അനുവദിക്കാൻ പോകുന്ന പ്രതിഫലം ഏതാണ്ട് 230 കോടി അമേരിക്കൻ ഡോളർ ( ഏകദേശം 17,486 കോടിരൂപ) വരും. അതായത് ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റേയും അധിപനായ ഇലോൺ മസ്‌കിനോളമാണ് ജഗ്ദീപിന്റെയും ശമ്പളം.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിച്ചിറങ്ങിയ ജഗ്ദീപ് സിംഗ് കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് എംബിഎ നേടിയത്. ലൈറ്റെറ നെറ്റ്വർക്ക് , എയർസോഫ്റ്റ് തുടങ്ങി നിരവധി കമ്പനികളുടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. 2001 മുതൽ 2009 വരെ ഇൻഫിനെറയുടെ സ്ഥാപകനും സിഇഒയുമായിരുന്നു. അതിനുശേഷം, 2010-ൽ ജഗ്ദീപ് സിംഗ്, ടിം ഹോം, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫ്രിറ്റ്സ് പ്രിൻസ് എന്നിവർ ചേർന്നാണ് ക്വാണ്ടംസ്‌കേപ്പ് സ്ഥാപിച്ചത്.

ക്വാണ്ടംസ്‌കേപ്പ് ടീം നടപ്പിലാക്കിയ ഏറ്റവും വലിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൊന്നാണ് ലിഥിയം-അയൺ ബാറ്ററികളിലെ ദ്രാവകത്തിന് പകരം ലോഹത്തിന്റെ ഒരു സ്ട്രിപ്പ് ഉപയോഗിച്ച് അവയെ സുരക്ഷിതമാക്കാം എന്നത്. നിലവിലുള്ള ലിഥിയം-അയൺ ബാറ്ററികൾ അപേക്ഷിച്ച് ചിലവ് ചുരുങ്ങിയതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ബാറ്ററികളാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്.

കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള ബാറ്ററികൾ നിർമിക്കാനായാൽ മാത്രമേ നിരത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോളിയം വാഹനങ്ങളെ മറികടക്കാൻ സാധിക്കൂ. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ വലിയ ശതമാനം ബാറ്ററിക്കാണ് നൽകേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ക്വാണ്ടംസ്‌കേപ് പോലുള്ള കമ്പനികളുടെ ഗവേഷണങ്ങളിൽ വലിയ പ്രതീക്ഷയാണ് ലോകത്തിനുള്ളത്. നാല് വർഷത്തിനകം നിലവിലെ ലിത്തിയം ബാറ്ററികളെ അപേക്ഷിച്ച് കൂടിയ ഇന്ധനക്ഷമതയുള്ള, വിലകുറവുള്ള എളുപ്പം ചാർജ് ചെയ്യാവുന്നതുമായ ബാറ്ററികൾ പുറത്തിറക്കി ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ക്വാണ്ടംസ്‌കേപ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.