
സ്വന്തം ലേഖകൻ: യുഎസിന്റെ സമ്മർദത്തിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തെ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലഹോറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെ വിഡിയോ ക്ലിപ് പ്രദർശിപ്പിച്ചശേഷം ജയ്ശങ്കറിനെ പ്രകീർത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിക്കുകയാണ് ഇമ്രാൻ ചെയ്തത്.
‘ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേസമയം സ്വാതന്ത്ര്യം നേടാമെങ്കിൽ, ന്യൂഡൽഹിക്ക് സ്വന്തം ജനതാൽപര്യം അനുസരിച്ചു സ്വതന്ത്ര വിദേശനയം രൂപീകരിക്കാനാവുമെങ്കിൽ, ആരാണ് ഷഹബാസ് ഷരീഫ് സർക്കാരിനെ അതിൽനിന്നു പിന്നോട്ടുവലിക്കുന്നത്? റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. യുഎസിന്റെ തന്ത്രപ്രധാന സഖ്യരാജ്യമാണ് ഇന്ത്യ. എന്നാൽ പാക്കിസ്ഥാൻ അല്ല. പക്ഷേ, ഇന്ത്യൻ വിദേശകാര്യമന്ത്രി എന്താണു പറഞ്ഞതെന്ന് നമുക്ക് കേൾക്കാം’- ഇതു പറഞ്ഞ് ഇമ്രാൻ ജയ്ശങ്കറിന്റെ വിഡിയോ ക്ലിപ് പ്രദർശിപ്പിച്ചു.
‘നിങ്ങൾ ആരാണ് എന്നാണ് ജയ്ശങ്കർ അവരോടു ചോദിക്കുന്നത്. റഷ്യയിൽനിന്ന് യൂറോപ്പും ഗ്യാസ് വാങ്ങുന്നു. ഞങ്ങളുടെ ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങളതു വാങ്ങുമെന്ന് ജയ്ശങ്കർ പറയുന്നു. ഇതാണ് ഒരു സ്വതന്ത്ര രാജ്യം ചെയ്യേണ്ടത്. താരതമ്യേന വില കുറഞ്ഞ എണ്ണ വാങ്ങുന്നതിനായി റഷ്യയുമായി ഞങ്ങൾ ചർച്ച നടത്തി. എന്നാൽ യുഎസിന്റെ സമ്മർദത്തെ എതിർത്തു പറയാൻ ഈ സർക്കാരിന് ധൈര്യമില്ല. ഇന്ധനവില ആകാശംമുട്ടുന്നു. ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഈ അടിമത്തത്തെ ഞാൻ എതിർക്കുന്നു’ – ഇമ്രാൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല