സ്വന്തം ലേഖകൻ: പീഡനക്കേസില്‍ കുറ്റക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി ഭരണകൂടം. ഇനി മുതല്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൗദി സുരക്ഷാ അധികൃതര്‍ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രതിയുടെ മുഴുവന്‍ പേര് മക്ക പോലീസ് ആദ്യമായി വെളിപ്പെടുത്തിയത്.
അതിനിടെ, സ്ത്രീയെ ശല്യപ്പെടുത്തിയതിന് സൗദി പൗരനായ നാസര്‍ ഹാദി ഹമദ് അല്‍ സലാഹിനെ അറസ്റ്റ് ചെയ്തതായി ജിദ്ദ ഗവര്‍ണറേറ്റ് പോലീസ് ശനിയാഴ്ച അറിയിച്ചു. പൗരനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് വിടുകയും ചെയ്തു.
ശക്തമായ ശിക്ഷയാണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് സൗദി നിയമം അനുശാസിക്കുന്നത്. രാജ്യത്തെ പീഡന വിരുദ്ധ നിയമം അനുസരിച്ച് പീഡന കുറ്റകൃത്യം ചെയ്യുന്ന ഏതൊരു വ്യക്തിക്കും രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും ഒരു ലക്ഷം റിയാലില്‍ കൂടാത്ത പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്നും ശിക്ഷയായി ലഭിക്കും.
എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്ന വ്യക്തിക്ക് കുടുതല്‍ കടുത്ത ശിക്ഷയാണ് നിയമത്തിലുള്ളത്. ഇതനുസരിച്ച്, ശിക്ഷ അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവും മൂന്ന് ലക്ഷം റിയാലില്‍ കൂടാത്ത പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്നും ശിക്ഷയായി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല