1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയെ കൊല്ലാന്‍ ഉത്തരവിട്ടതാര്? സൗദിയെ പ്രതിക്കൂട്ടിലാക്കി തുര്‍ക്കി പ്രസിഡന്റ്; :സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലേക്ക്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയെ വധിക്കാന്‍ ഉത്തരവിട്ടതാരെന്ന് സൗദി അറേബ്യയോട് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. ഖഷോഗിയുടെ മൃതദേഹം എവിടെയെന്നും കൊലപാതക സംഘത്തിനു തുര്‍ക്കിയില്‍നിന്നു സഹായം നല്‍കിയത് ആരെന്നും വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിയിലെ സഹായിയെ ഏല്‍പിച്ചുവെന്നും അയാള്‍ മറവു ചെയ്തുവെന്നും സൗദി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതുവരെ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് എര്‍ദോഗന്‍ മുന്നറിയിപ്പു നല്‍കി. ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കില്‍ സൗദി സംശയത്തിന്റെ കരിനിഴലില്‍ തന്നെയായിരിക്കുമെന്ന് അങ്കാറയില്‍ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ തുറന്നടിച്ച ഏര്‍ദോഗന്‍ സൗദിയുടെ ആദ്യ വിശദീകരണം ബാലിശവും ഗൗരവത്തിനു ചേരാത്തതുമാണെന്ന് പരിഹസിക്കുകയും ചെയ്തു.

ഖഷോഗിയെ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വച്ച് സൗദി ഉദ്യോഗസ്ഥ സംഘം കൊലപ്പെടുത്തുകയായിരുന്നു. ഈ സംഘത്തിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുണ്ടെന്ന വിവാദം കത്തുകയാണ്. ഖഷോഗിയുടെ കാര്യത്തില്‍ തുടക്കത്തില്‍ അജ്ഞത നടിച്ച സൗദി ഭരണകൂടം ഒടുവില്‍ നിവൃത്തിയില്ലാതെയാണ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ കൊന്നതാണെന്ന കാര്യം അംഗീകരിച്ചത്.

കൊലപാതം മുന്‍കൂര്‍ ആസുത്രണം ചെയ്തതാണെന്ന് സൗദി അന്വേഷകര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊലപാതകം അന്വേഷിക്കുന്ന സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ ഇസ്തംബുളില്‍ തുര്‍ക്കി അന്വേഷകരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം തുര്‍ക്കി സന്ദര്‍ശിച്ച യുഎസ് ചാരസംഘടന സിഐഎയുടെ മേധാവി ജിന ഹാസ്‌പെല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടു വിവരങ്ങള്‍ ധരിപ്പിച്ചു. സൗദിക്കു പിന്തുണയുമായി റഷ്യ രംഗത്തെത്തി. സൗദിയുടെ വിശദീകരണം വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.