
സ്വന്തം ലേഖകൻ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും സൗദി കോടതി വിധിച്ചു. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്.
സൗദിയില്‍ മുന്‍ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്നു ഖഷോഗി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനുപിന്നാലെ അദ്ദേഹം ഭരണകൂടവുമായി അകന്നു. ഭിന്നതകളെത്തുടര്‍ന്ന് യു.എസില്‍ അഭയംതേടി. യെമെന്‍ ആഭ്യന്തരയുദ്ധത്തിലെ സൗദിയുടെ ഇടപെടലിനെയും ഖത്തര്‍ ഉപരോധത്തെയും എതിര്‍ത്തതോടെ സൗദിയുടെ നോട്ടപ്പുള്ളിയായി.
2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. അതുവരെ സൗദി രാജ കോടതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി തെറ്റുകയായിരുന്നു.
ന്യൂയോർക്കായിരുന്നു അതിനു ശേഷം ഖഷോഗിയുടെ താവളം. ഈ സമയത്താണ് വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടി എഴുതിയത്. ഖത്തര്‍, കാനഡ രാജ്യങ്ങളോടുള്ള സൗദിയുടെ നയത്തേയും യെമന്‍ യുദ്ധത്തിലെ ഇടപെടലുകളെയും മാധ്യമങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടിയേയും അദ്ദേഹം തന്റെ കോളത്തിലൂടെ വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല