1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2021

സ്വന്തം ലേഖകൻ: ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യു.എസ്. കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സൗദി അറേബ്യ നിഷേധിച്ചു. സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണ്ണമായും സൗദി അറേബ്യന്‍ സര്‍ക്കാര്‍ നിരസിക്കുന്നു. രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും നിഗമനങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

രാജ്യത്തെ ബന്ധപ്പെട്ട അധികാരികള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മന്ത്രാലയം ആവര്‍ത്തിക്കുന്നു. ഇത് വെറുപ്പുളവാക്കുന്ന കുറ്റമാണ്. രാജ്യത്തിന്റെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും നഗ്നമായ ലംഘനവുമാണ്. ജോലി ചെയ്തിരുന്ന ഏജന്‍സികളിലെ ഒരു കൂട്ടം വ്യക്തികളാണ് ഈ കുറ്റം ചെയ്തത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമവ്യവസ്ഥക്കുള്ളില്‍നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകത്തിൽ സൗദിയുടെ നിലപാടിന് യുഎഇയുടെ പിന്തുണ. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയുടെ നീതിന്യായ വ്യവസ്ഥയിൽ യുഎഇ വിദേശകാര്യ മന്ത്രാലയം പൂർണ വിശ്വാസം രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ സൗദി തള്ളുകയും ചെയ്തു. യുഎഇയെ കൂടാതെ കുവൈത്തും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.

2018 ഒക്ടോബർ രണ്ടിനാണ് സൗദി സർക്കാരിന്റെ കടുത്ത വിമർശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. ഇൗ കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. മൂന്നു പേർക്ക് 24 വർഷത്തെ തടവും സൗദി കോടതി വിധിച്ചിരുന്നു.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേർക്കാണ് വധശിക്ഷ. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷ്ണങ്ങളായി മുറിച്ച് കോൺസുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിക്കുകയായിരുന്നെന്നും സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

വിവാഹ രേഖ കൈപ്പറ്റാൻ ജമാൽ ഖഷോഗി കോൺസുലേറ്റിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം. മുൻവിവാഹം അസാധുവാക്കാനും തുർക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെൻജിസുമായുള്ള വിവാഹത്തിനുള്ള രേഖകൾ ശരിയാക്കാനുമാണ് ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ എത്തിയത്.

എന്നാൽ, ഹാറ്റിസിന് കോൺസുലേറ്റിനുള്ളിലേക്കു പ്രവേശനം നൽകിയില്ല. ഫോണും അനുവദിച്ചില്ല. 11 മണിക്കൂർ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടർന്നു ഹാറ്റിസ് പരാതി നൽകിയതോടെയാണ് ഖഷോഗിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്

സൗദിയിലെ ‘അൽ വതൻ’ ദിനപത്രത്തിന്റെ മുൻ എഡിറ്ററായിരുന്നു ഖഷോഗി. ഭരണകൂടത്തിന്റെ വിശ്വസ്തനെന്നു നേരത്തെ അറിയപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് രാജകുടുംബവുമായി തെറ്റി. സൗദി ഭരണത്തെ എതിർത്തതിനു നടപടികൾ ആരംഭിച്ചതിനെ തുടർന്നു യുഎസിലേക്കു താമസം മാറി. വാഷിങ്ടൻ പോസ്റ്റിൽ ഗൾഫ് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിവാര ലേഖനങ്ങൾ എഴുതിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.