1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2020

സ്വന്തം ലേഖകൻ: ആദ്യത്തേത് അടക്കം 7 സിനിമകളിൽ ജയിംസ് ബോണ്ടിനെ സാക്ഷാത്കരിച്ച വിശ്വപ്രസിദ്ധ ബ്രിട്ടിഷ്–സ്കോട്ടിഷ് നടൻ ഷോൺ കോണറി (90) അന്തരിച്ചു. 5 ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കർ, 3 ഗോൾഡൻ ഗ്ലോബ്, 2 ബാഫ്ത അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

007 ആരാധകർക്കു കോണറിയോളം പ്രിയപ്പെട്ട മറ്റൊരു ബോണ്ട് നടനില്ല. ആദ്യ ബോണ്ട് പടമായ ‘ഡോ. നോ’ (1962) മുതൽ ഇയൻ ഫ്ലെമിങ്ങിന്റെ കഥാപാത്രമായ ബ്രിട്ടിഷ് രഹസ്യ ഏജന്റിന്റെ സൗന്ദര്യവും വീര്യവും ഒത്തിണങ്ങിയത് കോണറിക്കായിരുന്നു. കോണറി നായകനായ മറ്റു ബോണ്ട് സിനിമകൾ: ഫ്രം റഷ്യ വിത് ലവ് (1963), ഗോൾഡ് ഫിങ്കർ (1964), തണ്ടർബാൾ (1965), യൂ ഒൺലി ലിവ് ട്വയ്സ് (1967) ഡയമണ്ട്സ് ഫോർ എവർ (1971). നെവർ സേ നെവർ എഗെയ്ൻ (1983).

ബോണ്ട് സിനിമകൾക്കു പുറമേ ഹിച്ച്കോക്കിന്റെ മാർനീ (1963), സ്പീൽബെർഗിന്റെ ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ് (1989) തുടങ്ങിയ സിനിമകളിലും നായകനായി. ദി അൺടച്ചബിൾസ് (1988) എന്ന സിനിമയിലെ പൊലീസ് വേഷത്തിനാണു മികച്ച സഹനടനുള്ള ഓസ്കർ ലഭിച്ചത്. 2000ൽ 69–ാം വയസ്സിൽ എലിസബത്ത് രാജ്ഞി കോണറിക്കു സർ പദവി നൽകി ആദരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണു 90–ാം പിറന്നാൾ ആഘോഷിച്ചത്.

1957ൽ ബിബിസി പരമ്പരയിൽ അഭിനയിച്ചാണു തുടക്കം. 21–ാം വയസ്സിൽ കഷണ്ടി കയറാൻ തുടങ്ങിയ കോണറി, എല്ലാ ബോണ്ട് പടത്തിലും വിഗ് വച്ചാണ് അഭിനയിച്ചത്. 1962ൽ ‘ഡോ. നോ’യിൽ അഭിനയിക്കുമ്പോൾ വയസ്സ് 32. ബോണ്ട് ഗായകനായ ഏക പടവും ഇതാണ്; ‘അണ്ടർ ദ് മാംഗോ ട്രീ’ എന്നു തുടങ്ങുന്ന ഗാനം. ദ് വിൻഡ് ആൻഡ് ദ് ലയൺ, ദ് ഹണ്ട് ഫോർ റെഡ് ഒക്ടോബർ, ദ് റോക്ക് എന്നിവയാണു മറ്റു പ്രശസ്ത സിനിമകൾ.

തന്റെ സ്കോട്ടിഷ് സംസാരശൈലി മറച്ചുവയ്ക്കാതെയായിരുന്നു കോണറി എല്ലാ സിനിമയിലും ജയിംസ് ബോണ്ടായി വേഷമിട്ടത്. ഇക്കാരണത്താൽ പിന്നീടിറങ്ങിയ ബോണ്ട് കഥകളിൽ, ഫ്ലെമിങ് രഹസ്യ ഏജന്റിനു സ്കോട്ടിഷ് വേരുകൾ ഉള്ളതായി കൂട്ടിച്ചേർക്കുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.